അമ്പലപ്പുഴ : പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോകാൻ കാറിലെത്തിയ മൂന്നംഗസംഘത്തെ റിവോൾവർ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി കേസുകളിൽ പ്രതികളായ ആര്യാട് അവലുക്കുന്ന് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ (30), തത്തംപള്ളി അവലൂക്കുന്ന് ബ്ലോക്ക് നമ്പർ 120 ൽ അക്ഷയ കുമാർ, ആലപ്പുഴ മുനിസിപ്പൽ വാർഡിൽ ആലപ്പാട്ട് അനൂപ് (29 ) എന്നിവരെയാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം കളർകോട് കുഴമാത്ത് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും രാത്രി 11 ഓടെ ഒരു പെൺകുട്ടിയെ വിളിച്ചിറക്കാൻ ഇവർ ശ്രമിക്കുന്നതിനിടയിൽ വീട്ടുകാർ ബഹളം വെക്കുകയും പൊലീസിനെ വിവരം അറിയ്ക്കുകയുമായിരുന്നു. പൊലീസ് വരുന്നതു കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘത്തെ പുന്നപ്ര സി.ഐ എം. യഹിയ, എ .എസ് .ഐ മാരായ സിദ്ധിഖ്, ഗിരീഷ് ,ഷിബു സീനിയർസിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അജീഷ്, മാത്യൂസ്, ജോണി, ഹോം ഗാർഡ് ചാണ്ടി തുടങ്ങിയവരടങ്ങിയ സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഇവരുടെ കാറിൽ നിന്നും റിവോൾവർ ,കഠാര ,വടിവാൾ തുടങ്ങിയവ കണ്ടെടുത്തു. സൗത്ത് ,നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.