കേളകം, കണിച്ചാർ,കൊട്ടിയൂർ പഞ്ചായത്തുകൾ ചേർന്നുള്ള കാപ്പാട് പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്
കേളകം:തദ്ദേശതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടുണരുമ്പോൾ മലയോരത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്റായ ജോർജ്ജുകുട്ടി മുക്കാടന്റെ മനസ്സിൽ ഇന്നും ആവേശത്തിരയിളക്കം.1964 ൽ ഇന്നത്തെ കണിച്ചാർ,കേളകം, കൊട്ടിയൂർ പഞ്ചായത്തുകളടങ്ങിയ കാപ്പാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായ ഈ 84കാരൻ കേളകത്തെ വീട്ടിൽ വിശ്രമജീവിതത്തിലാണിപ്പോൾ.
1963 നവംബർ 23 നാണ് ആദ്യ തിരഞ്ഞെടുപ്പ് .കൊട്ടിയൂർ കുടിയിറക്ക് ഭീഷണി നിലനിന്ന കാലം.ജാതിക്കും മതത്തിനും അതീതമായി കർഷകർ ഒറ്റക്കെട്ടായി അണിനിരന്നിരുന്നു അന്ന് . നേതൃത്വം നൽകിയത് ബി.വെല്ലിംങ്ടൺ, ഫാ.വടക്കൻ എന്നിവരോടൊപ്പം ജോർജ്ജുകുട്ടി മുക്കാടനും. 1958ൽ ഒരു സുഹൃത്തിനോടൊപ്പമാണ് ഈ ചങ്ങനാശ്ശേരിക്കാരൻ മലബാറിലെത്തുന്നത്. പേരാവൂർ തൊണ്ടിയിലുണ്ടായിരുന്ന ബന്ധുവിന്റെ സഹായത്തോടെ കേളകത്ത് ഒരു കച്ചവടം ആരംഭിച്ച് മൂന്ന് നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.എന്നാൽ കുടിയിറക്ക് വിരുദ്ധ സമരത്തിലേക്ക് ആകർഷിക്കപ്പെട്ടതോടെ ജനങ്ങളോടൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
. 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള അന്നത്തെ കാപ്പാട് പഞ്ചായത്തിലെ ആകെ വോട്ടർമാർ 8000ന് താഴെ. കുന്നും മലയും കയറിയിറങ്ങിയായിരുന്നു പ്രചാരണം.കർഷകർ ഒറ്റക്കെട്ടായി നിന്ന് മലനാട് കർഷക യൂണിയന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചു. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ രണ്ടാം വാർഡിൽ നിന്ന് ജയിച്ച മാത്യു നെടുങ്കല്ലേൽ, അഞ്ചാം വാർഡിലെ സക്കറിയാസ് പുതനപ്ര, എട്ടാം വാർഡംഗം ജോർജ്ജുകുട്ടി മുക്കാടൻ എന്നിവർ മാത്രം. 1964 ജനുവരി ഒന്നിന് ജോർജിജുകുട്ടി മുക്കാടൻ കാപ്പാട് പഞ്ചായത്ത് പ്രസിഡന്റായി.പിന്നീട് കൊട്ടിയൂർ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അവിടെയും ആദ്യ പ്രസിഡന്റായി.തുടർച്ചയായി പതിനഞ്ച് വർഷമാണ് ഈ പദവിയിൽ തുടർന്നത്.
മലയോരത്ത് ഓലക്കുടിലുകളും കച്ചിപ്പുരകളും മാത്രമുണ്ടായിരുന്ന അക്കാലത്ത് പഞ്ചായത്തിന് കാര്യമായ വരുമാനമില്ലായിരുന്നു. സർക്കാരിൽ നിന്ന് പ്രതിവർഷം പദ്ധതി വിഹിതമായി ലഭിച്ചത് 5000 രൂപയിൽ താഴെ.പ്രസിഡന്റിനും മെമ്പർമാർക്കും പ്രതിമാസ പ്രതിഫലം അഞ്ചു രൂപ .
കേളകം പൊലീസ് സ്റ്റേഷൻ, കേളകത്തെയും കൊട്ടിയൂരിലേയും സർക്കാർ ആശുപത്രികൾ, വൈദ്യുതി ഇല്ലാഞ്ഞിട്ടും ജനറേറ്റർ കൊണ്ട് ടെലിഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം തുടങ്ങിയത്. ഒറ്റ ദിവസം കൊണ്ടുണ്ടാക്കിയ മണത്തണ - അമ്പായത്തോട് റോഡ് , വൈദ്യുതീകരണത്തിന് തുടക്കം, അമ്പായത്തോട് 44ാം മൈൽ വഴി മാനന്തവാടിയിലേക്ക് ചുരം രഹിതപാതയ്ക്കായി വനംവകുപ്പിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്തത് എന്നിവയുടെ പിന്നിലെല്ലാം ഈ പഴയ പ്രസിഡന്റിന്റെ പരിശ്രമമുണ്ടായിരുന്നു.
കേളകം നിവാസികളായ ജോസഫ് ഏണിയക്കാട്ട്, പള്ളിക്കൽ തോമസ്, വരപ്പോത്തുകുഴി പൈലി, വത്യാട്ട് മത്തായി എന്നീ നാല് പേർ ചേർന്ന് കേളകത്തെ സർക്കാർ ആശുപത്രിക്ക് ഒരേക്കർ ഭൂമി നൽകിയതും ഇദ്ദേഹം പ്രസിഡന്റായിരിക്കെയാണ്.