തിരുവനന്തപുരം: പണം വാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നതിനെ നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒാരോ സ്ഥാനാർത്ഥിക്കും നിശ്ചയിച്ചിട്ടുള്ള തുക പ്രഹസനമാകുന്നു. അനുവദിച്ചതിലും പതിൻമടങ്ങ് പണമാണ് ചെലവാക്കുന്നത്.
വാർഡുതലത്തിൽ നോട്ടീസ്, പോസ്റ്റർ, ബോർഡുകൾ, കട്ടൗട്ടുകൾ എന്നിവ പ്രദർശിപ്പിക്കണമെങ്കിൽ പോലും 30,000 രൂപയ്ക്കുമേൽ ചെലവാകും. ബ്ലോക്കിലും മുനിസിപ്പാലിറ്രി വാർഡിലും ഇതിന്റെ മൂന്നിരട്ടി തുക വേണ്ടിവരും. കോർപറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും എത്തുമ്പോഴേക്കും ഇത് ഒന്നര ലക്ഷം മുതൽ മൂന്നു ലക്ഷം വരെയാകും.
അതിനിടെ കമ്മിഷനെ ബോദ്ധ്യപ്പെടുത്താൻ നിശ്ചയിച്ച കണക്ക് എഴുതി ഒപ്പിക്കാൻ പറ്റിയവരെ ഓരോ സ്ഥാനാർത്ഥികളും കണ്ടെത്തും. ആയിരം നോട്ടീസ് ഇറക്കുമ്പോൾ കണക്കിൽ 250 എന്നായിരിക്കും. പ്രസിൽ 50,000 ബില്ലായാലും അത് പതിനായിരമായി കുറച്ചു നൽകും. നോട്ടീസ്, പോസ്റ്റർ, ബോർഡുകൾ എന്നിവ ഒരു പാക്കേജായിട്ടാണ് ചില പ്രസുകാർ ഓർഡറെടുക്കുന്നത്.
സ്ക്വാഡ് ചെലവുകൾ
ഒാരോ ദിവസവും വാർഡിന്റെ മുക്കിലും മൂലയിലും സ്ക്വാഡ് വർക്കുണ്ട്. മുമ്പത്തെപോലെ പാർട്ടി സ്നേഹത്തിന്റെ പേരിൽ സ്ക്വാഡ് വർക്കിനിറങ്ങുന്നവർ കുറവാണ്. ദിവസക്കൂലിയും മറ്റ് 'ആനുകൂല്യ"ങ്ങളും പലർക്കും നൽകേണ്ടിവരും. 300 മുതൽ 500 രൂപവരെ പറ്റുന്നവരുണ്ട്. നഗരസഭാ വാർഡിൽ 22 ബൂത്തുകളുണ്ട്. ഒരു ബൂത്തിൽ നാലും അഞ്ചും പ്രവർത്തകർ സ്ക്വാഡ് വർക്കിനിറങ്ങും. രണ്ടു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെ ചെലവാകും. ചിലരെ സ്വാധീനിക്കേണ്ടിവരുന്നതിന് നൽകുന്ന 'വില'യ്ക്കും കണക്കില്ല.
സോഷ്യൽ മീഡിയ
സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും ചെലവുണ്ട്. പട്ടണങ്ങളിലും നഗരങ്ങളിലുമാണ് സമൂഹമാദ്ധ്യമ വോട്ടുപിടിത്തം കൂടുതൽ. പോസ്റ്റർ, ചെറു വീഡിയോകൾ, ട്രോളുകൾ എന്നിവയാണ് പ്രചാരണായുധം. ശരാശരി ഒരു ലക്ഷം രൂപയാണ് ചെലവ്.
കൊവിഡ് സ്പെഷ്യൽ
പ്രചാരണരംഗത്തുള്ളവർക്ക് കൊവിഡ് കാലമായതിനാൽ മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ ചെലവുകൾ കൂടി വഹിക്കണം. അവസാന ഘട്ടത്തിൽ ചിഹ്നം പതിപ്പിച്ച മാസ്കുകൾ മിക്കവാറും സ്ഥാനാർത്ഥികൾ എല്ലാ വീടുകളിലുമെത്തിക്കും.
സ്ഥാനാർത്ഥി.......................................അനുവദനീയ തുക.................................... ചെലവഴിക്കുന്ന തുക
ഗ്രാമപഞ്ചായത്ത് അംഗം.......................25,000 രൂപ.............................................2- 2.5 ലക്ഷം
കോർപറേഷൻ/ജില്ലാ പഞ്ചായത്ത് ഡിവിഷൻ....................ഒന്നര ലക്ഷം............... 10 ലക്ഷത്തിന് പുറത്ത്
മുനിസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്.......75,000 രൂപ........................................7 ലക്ഷം വരെ