ബാലരാമപുരം: ബാലരാമപുരം ഹൗസിംഗ് ബോർഡ് ജംഗ്ഷന് സമീപം മോഷണം തുടർക്കഥയായതോടെ നാട്ടുകാർ ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് ഇവിടെ നടന്നത്. ഒരാൾ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. പ്ലാമൂട്ടുകട സ്വദേശി വടക്കേവിള പഞ്ചായത്ത് കിണറിന് സമീപം ബി.പി 278 നമ്പർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന യാസിൻ (20) ആണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്. മോഷണം തുടർക്കഥയായതോടെ പൊലീസ് ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഹൗസിംഗ് ബോർഡ് ജംഗ്ഷന് സമീപം ബൈക്ക് മോഷണ ശ്രമത്തിനിടയിലാണ് യാസിൻ പിടിയിലായത്. നേരത്തെയും ഈ ഭാഗത്ത് ബൈക്കുകൾ മോഷണം പോയിരുന്നു. ഭവനബോർഡിന്റെ കീഴിലുള്ള ബാലരാമപുരം ഹൗസിംഗ് ബോർഡിലെ നൂറിൽപ്പരം ഫ്ലാറ്റുകളിൽ നിരവധി താമസക്കാരുണ്ട്. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഫ്ലാറ്റിന് സമീപത്തെ ഷെഡിലാണ്. ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്താണ് സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ ട്രിവാൻട്രം സ്പിന്നിംഗ് മിൽസ് ലിമിറ്റഡും കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ എച്ച്.എൽ.എൽ എന്നിവ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് ഒരു വഴിയിലൂടെയാണ്. പ്രധാന കവാടം കേന്ദ്രീകരിച്ച് ഫുൾ ടൈം സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൂടാതെ ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് താമസക്കാരുടെ ലിസ്റ്റ് സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ലഭ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതേവരെ നടപ്പിലായിട്ടില്ല. ഹൗസിംഗ് ബോർഡിന് സമീപവും പരിസര പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.