കണ്ണൂർ: പ്രസാർ ഭാരതി പരിഷ്കാരങ്ങളുടെ ഭാഗമായി കണ്ണൂർ എഫ്. എം.നിലയത്തിനും താഴ് വീഴേക്കുമെന്ന് ആശങ്ക.കണ്ണൂർ ഉൾപ്പടെയുള്ള പ്രാദേശിക നിലയങ്ങളെ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ പരിപാടികൾ ഇനി തിരുവനന്തപുരം നിലയം ചെയ്യേണ്ടി വരും.അതിന്റെ റിലേ പ്രക്ഷേപണ നിലയം മാത്രമായി കണ്ണൂർ ചുരുങ്ങും. .
1991ലാണ് കണ്ണൂർ നിലയത്തിൽ പ്രക്ഷേപണം തുടങ്ങിയത്. റിലേ പ്രക്ഷേപണം മാത്രം പ്രാദേശിക കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാകുമ്പോൾ ഇവ പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് കലാകാരന്മാർ പങ്കുവെക്കുന്നത്.നൂറിലേറെ ജീവനക്കാരുണ്ടായിരുന്ന ജില്ലയിൽ നിലവിൽ അമ്പതിൽ താഴെ പേർ മാത്രമാണുള്ളത്. ഉള്ളതിൽ കൂടുതലും എൻജിനീയർമാർ. പ്രോഗ്രാം പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് എന്നീ തസ്കികകളിൽ നിയമനങ്ങളും നടക്കാറില്ല.പ്രോഗ്രാം ജീവനക്കാരുടെ തസ്തികകളിൽ 90 ശതമാനം ഒഴിഞ്ഞു കിടക്കുന്നു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മറ്റു സ്റ്റേഷനുകൾ ശ്രോതാക്കൾക്ക് ബോധവത്കരണ പരിപാടികൾ ഉൾപ്പെടെയുള്ളവ പ്രക്ഷേപണം ചെയ്യുമ്പോൾ കണ്ണൂർ നിലയവുമായി ശ്രോതാക്കൾക്ക് ബന്ധപ്പെടാനുള്ള മാർഗങ്ങളെല്ലാം നേരത്തെ തന്നെ കൊട്ടിയടച്ചിരുന്നു. ലോക് ഡൗൺ സമയത്ത് കണ്ണൂർ നിലയത്തിൽ പരിപാടികളുടെ നിർമ്മാണവും പ്രക്ഷേപണവും ഇല്ലാതായതോടെ തിരുവനന്തപുരത്ത് നിന്നുള്ള പരിപാടികളാണ് റിലേ ചെയ്തിരുന്നത്.കണ്ണൂർ നിലയത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും കാഷ്വൽ ജീവനക്കാരാണ് പരിപാടികൾ ചെയ്യുന്നതെന്നുമാണ് ആകാശവാണി അധികൃതരുടെ വിശദീകരണം.
ജോലി ചെയ്യാൻ തയ്യാറാണ്
നിലയത്തിനു സമീപമുള്ള കാഷ്വൽ ജീവനക്കാർ തങ്ങൾ ജോലിക്ക് വരാൻ സന്നദ്ധരാണെന്നറിയിച്ചിട്ടും ആവശ്യമുള്ളപ്പോൾ വിളിക്കാമെന്നായിരുന്നു മറുപടി. നിലവിലെ കാഷ്വൽ ജീവനക്കാർ സ്ഥിരം നിയമനം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതാണ്. ഇതിനെതിരേ ആകാശവാണി സുപ്രീം കോടതിൽ അപ്പീൽ നൽകിയിരിക്കുകയാണ്. അപ്പീൽ ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി നിലവിലെ സ്ഥിതി തുടരണമെന്നും ആർക്കുംതൊഴിൽ നഷ്ടപ്പെടുത്തരുതെന്നും ഇടക്കാല വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
റിലേ കേന്ദ്രം മാത്രമാകുമ്പോൾ
പരിപാടികളുടെ എണ്ണം കുറയും
പ്രാദേശിക കലാകാരന്മാർക്ക് അവസരമില്ല
പ്രക്ഷേപണം ഒറ്റകേന്ദ്രത്തിൽ നിന്നായാൽ ജില്ലയ്ക്ക് സമയപരിധി വരും
നിരവധി പരിപാടികൾ ഇല്ലാതാകും.