കൊല്ലം: കടം വാങ്ങുന്ന പണത്തിന് ഈടായി എ.ടി.എം കാർഡും പിൻ നമ്പരും ആവശ്യപ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എണ്ണം വർദ്ധിക്കുന്നു. പലിശയ്ക്ക് പണം നൽകുമ്പോൾ മുൻപ് ബാങ്ക് ചെക്ക് ബുക്ക് മുതൽ പല രേഖകളുമാണ് ഈടായി സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മിക്കവർക്കും എ.ടി.എം കാർഡ് ഉള്ളതിനാൽ ഈടായി ആവശ്യപ്പെടുന്നത് എ.ടി.എം കാർഡാണ്. ശമ്പളം, പെൻഷൻ, സാമൂഹിക ക്ഷേമ പെൻഷൻ, കാർഷിക ആനുകൂല്യങ്ങൾ തുടങ്ങി എല്ലാം ഇപ്പോൾ ബാങ്ക് അക്കൗണ്ടിലാണ് എത്തുന്നത്. അതിനാൽ പലിശ മുടങ്ങിയാൽ എ.ടി.എം കാർഡിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുമെന്ന ഉറപ്പിലാണ് എ.ടി.എം ഈടായി സ്വീകരിക്കുന്നത്. എന്നാൽ ഇതിനെതിരെ ബാങ്കുകൾ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. ഇടപാടുകാരിൽ അവബോധം സൃഷ്ടിക്കാൻ പല ബാങ്കുകളും ശാഖകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നിർദേശം പതിച്ചിട്ടുണ്ട്. എ.ടി.എം കാർഡും സ്വകാര്യ പിൻ നമ്പരും ഒരു തരത്തിലും മറ്റാരുമായും പങ്കുവയ്ക്കരുതെന്നും അങ്ങിനെ സംഭവിച്ചാൽ വലിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കുമെന്നും ബാങ്കുകൾ ഓർമ്മിപ്പിക്കുന്നു.