മലയിൻകീഴ്:ശാന്തുംമൂല ക്രിസ്തുരാജ ദേവാലയത്തിലെ അൾത്താരയ്ക്ക് മുന്നിലെ കാണിക്കവഞ്ചി തകർത്ത് പണവും അലമാരയിൽ സൂക്ഷിച്ചിരുന്ന 12000 രൂപ വിലവരുന്ന 20 സാരികളും മോഷ്ടിച്ച കേസിലെ പ്രതി മലയം പെരുങ്ങാഴി മേലെ പുത്തൻവീട്ടിൽ എസ്.ദീപുവിനെ (35) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. മൂക്കുന്നിമല ഫയർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതിന് സമീപത്ത് നിന്ന് മലയിൻകീഴ് സി.ഐ അനിൽകുമാർ,എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ദേവാലയത്തിനു പിറകിലുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയതെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷണ വസ്തുക്കൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരാധനയ്ക്കുള്ള ഒരുക്കങ്ങൾ നടത്താൻ കപ്പിയാരെത്തിയപ്പോൾ മോഷ്ടാവ് പിറക് വശത്തെ വാതിലിലൂടെ പുറത്തേക്ക് കടന്നത് കണ്ടിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.