മലപ്പുറം: സ്ഥാനാർത്ഥികളെ പരിചിതമാക്കുന്ന ഒന്നാംഘട്ടം പൂർത്തിയാക്കിയതിന് പിന്നാലെ വോട്ട് ഉറപ്പിക്കാനുള്ള രണ്ടാംഘട്ട പ്രചാരണ ഓട്ടത്തിലേക്ക് മുന്നണികളും സ്ഥാനാർത്ഥികളും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥി ഒറ്റയ്ക്കെത്തിയായിരുന്നു വോട്ട് തേടിയിരുന്നത്. വോട്ടർമാരുടെ ഫോൺ നമ്പർ സംഘടിപ്പിച്ചും സോഷ്യൽമീഡിയ വഴിയുമായിരുന്നു മുഖ്യമായും പ്രചാരണം നടന്നത്. രണ്ടാംഘട്ടത്തിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി വീടുകളിൽ വോട്ട് തേടും. കൊവിഡിന്റെ പശ്ചാത്തലത്തിൽ വീടുകൾ കയറിയിറങ്ങി വോട്ട് തേടുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പ്രവർത്തകരെ ബോധവത്കരിച്ചിട്ടുണ്ട്. വോട്ടർമാരിൽ അവമതിപ്പുണ്ടാക്കുന്ന യാതൊരു പ്രവർത്തനങ്ങളും പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്. പ്രകടന പത്രികയിലെ പ്രധാന കാര്യങ്ങൾ വിവരിക്കാൻ മുന്നണികൾ പ്രവർത്തകരെ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും വീടുകളിൽ വോട്ട് തേടുമ്പോഴുണ്ടാവും. സീറ്റ് തർക്കവും വിമത സ്ഥാനാർത്ഥികളും ഉണ്ടായിരുന്ന വാർഡുകളിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തരം സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ വേഗത്തിൽ പരിചിതമാക്കാനുള്ള തന്ത്രങ്ങളിലാണ് മുന്നണികൾ. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലെ ഡിവിഷനിലെ സ്ഥാനാർത്ഥികൾ ഡിവിഷന് കീഴിൽ വരുന്ന വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്താനുള്ള ഒരുക്കത്തിലാണ്.
മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നം പരിചയപ്പെടുത്തുകയാണ് പ്രധാന വെല്ലുവിളി. പരിചിതമല്ലാത്ത ചിഹ്നങ്ങൾ വോട്ടർമാരുടെ മനസ്സിലേക്ക് പതിപ്പിക്കണം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ നഷ്ടപ്പെട്ടേക്കാവുന്ന വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് സ്വതന്ത്ര ചിഹ്നങ്ങളിൽ അഭയം തേടുന്നത്. ആളുകൾക്ക് ഏറെ സുപരിചിതമായ ചിഹ്നങ്ങൾക്ക് ഒന്നിൽ കൂടുതൽ പേർ അപേക്ഷ സമർപ്പിച്ചതോടെ മിക്കയിടങ്ങളിലും നറുക്കെടുപ്പ് നടന്നിരുന്നു.
അനൗൺസ്മെന്റ് അവസാന റൗണ്ടിൽ
വാഹനങ്ങളിൽ മൈക്ക് കെട്ടിയുള്ള പ്രചാരണം തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ നടത്താനാണ് പാർട്ടികളുടെ തീരുമാനം. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഒരു വാഹനവും മുനിസിപ്പാലിറ്റി പരിധിയിൽ രണ്ട് വാഹനങ്ങളും അനൗൺസ്മെന്റിനായി ഉപയോഗിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്രചാരണത്തിന് രണ്ടാംഘട്ടത്തിലും പ്രധാന്യമേകുന്നുണ്ട്. പ്രചാരണം മുതൽ വോട്ടെണ്ണൽ വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പല സ്ഥാനാർത്ഥികളും സ്വന്തം നിലയ്ക്ക് പ്രത്യേകം ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ വോട്ടർ പട്ടിക, വിവര ശേഖരണം, ഒന്നിച്ച് എസ്.എം.എസ്, വാട്സ് ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ആപ്പ് മുഖേനെ ലഭിക്കും.