ചിട്ടി നടത്തിപ്പിൽ ക്രമക്കേട്
കൊല്ലം: വൻ തുക മാസഅടവുകൾ വരുന്ന കെ.എസ്.എഫ്.ഇ ചിട്ടികളിൽ ചേരുന്നവർ കള്ളപ്പണം വെളുപ്പിക്കുന്നു എന്നതടക്കമുള്ള പരാതികളെ തുടർന്ന് കെ.എസ്.എഫ്.ഇ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കരുനാഗപ്പള്ളി ടൗൺ ശാഖയിലും കൊല്ലം വടയാറ്റുകോട്ട ശാഖയിലുമാണ് വിജിലൻസ് കൊല്ലം യൂണിറ്റ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്.
കരുനാഗപ്പള്ളി ബ്രാഞ്ചിൽ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ ചിട്ടി തുടങ്ങിയ ശേഷം പണം അടയ്ക്കാതെ ചിട്ടി മുടക്കിയത് രേഖകളിൽ നിന്ന് വിജിലൻസിന് ബോദ്ധ്യമായി. രണ്ട് ശാഖകളിലെയും പ്രാഥമിക പരിശോധനകളിൽ തന്നെ വീഴ്ചകൾ കണ്ടെത്തിയതിനാൽ കൂടുതൽ പരിശോധന നടത്തുമെന്നാണ് വിജിലൻസ് നിലപാട്.
രണ്ട് ബ്രാഞ്ചുകളിലും ചിറ്റാളന്മാരുടെ ആദ്യഗഡു ബ്രാഞ്ച് അക്കൗണ്ടുകളിൽ എത്തുന്നതിന് മുൻപ് തന്നെ ചിട്ടി രജിസ്റ്റർ ചെയ്ത് നറുക്കെടുപ്പ് നടത്തിയിട്ടുണ്ട്. ഇങ്ങനെ അനധികൃതമായി ചിട്ടി നടത്തിയത് വഴി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. വിജിലൻസ് ഡിവൈ.എസ്.പി കെ. അശോക് കുമാർ, ഇൻസ്പെക്ടർമാരായ ജി. അജയ് നാഥ്, സുധീഷ്, അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
''
കൂടുതൽ കാര്യങ്ങൾ ബോദ്ധ്യമാകാനുണ്ട്. അതിനാൽ പരിശോധനകൾ തുടരും.
കെ.അശോക് കുമാർ
ഡിവൈ.എസ്.പി, വിജിലൻസ്