തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്ന തരത്തിൽ പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സ്വപ്നയുടെ മൊഴിയെടുക്കാൻ കസ്റ്റംസ് അനുമതി നൽകിയില്ല. കൊഫെപോസ ചുമത്തപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്ന ഇപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ആവശ്യമെങ്കിൽ ക്രൈം ബ്രാഞ്ച് കോടതിയുടെ ഉത്തരവ് വാങ്ങണമെന്ന് കസ്റ്റംസ് ജയിൽ വകുപ്പിനെ കത്തുമുഖാന്തരം അറിയിച്ചു. സ്വപ്നയുടെ മൊഴിയെടുക്കാൻ വേണ്ടി ജയിൽ മേധാവിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിരുന്നു. തുടർന്നാണ് അനുമതി കൊടുക്കാമോ എന്ന് ജയിൽ വകുപ്പ് കസ്റ്റംസിനോട് ആരാഞ്ഞത്.
കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ കോടതിയെ സമീപിക്കാനാവാതെ കുഴയുകയാണ് ക്രൈംബ്രാഞ്ച്. ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന് കത്തുനൽകിയിരുന്നു. അദ്ദേഹം കത്ത് ഡി.ജി.പി ലോക് നാഥ് ബെഹ്റയ്ക്ക് കൈമാറി. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കേസെടുക്കാതെയുള്ള അന്വേഷണമാണ് നടത്തുന്നത്.
ശബ്ദം തന്റേതാണെന്ന് സ്വപ്ന സമ്മതിച്ചെന്ന് ആദ്യം വെളിപ്പെടുത്തിയ ജയിൽ ഡി.ഐ.ജി അജയകുമാർ അന്വേഷണറിപ്പോർട്ടിൽ നിലപാട് മാറ്റിയിരുന്നു. ശബ്ദവുമായി സാമ്യതയുണ്ടെങ്കിലും അവരുടെ ശബ്ദമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല റെക്കാർഡ് ചെയ്തതെന്നുമാണ് ജയിൽ ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ജയിലിനുള്ളിൽ റെക്കാർഡ് ചെയ്തതെന്ന് കണ്ടെത്തിയാൽ ജയിൽ ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ടിവരും. റെക്കാർഡ് ചെയ്തവരെ കണ്ടെത്തിയാൽ ആരുടെ നിർദ്ദേശപ്രകാരമാണ് ചെയ്തതെന്നും വെളിപ്പെടുത്തേണ്ടിവരും.
ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിർദ്ദേശം. വ്യാജമൊഴി നൽകാൻ നിർബന്ധിക്കുന്നത് കുറ്റകരമാണെങ്കിലും കേസെടുക്കണമെങ്കിൽ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന മൊഴിനൽകണം. അങ്ങനെയായാൽ ഭീഷണിയും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കാം.