കൊല്ലം: തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചതോടെ പ്രചാരണം ഉഷാറാക്കാൻ പാരഡി പാട്ടുകളും. സ്ഥാനാർത്ഥിയെ പുകഴ്ത്തിയും എതിരാളികളെ ഇകഴ്ത്തിയുമുള്ള പാരഡി പാട്ടുകൾ എക്കാലവും ഹിറ്റാണ്. എം.ജി.ആറിന്റെ ‘എന്നടി, റാക്കമ്മ...’ എന്ന തമിഴ് പാട്ടും മോഹൻലാലിന്റെ ‘ചിന്നമ്മ...’ തുടങ്ങിയ പാട്ടുകളുമടക്കമാണ് പാരഡി വോട്ട് പാട്ടുകളായത്.
'തേടിവരും കണ്ണുകളിൽ' എന്ന ഭക്തിഗാനം രൂപവും ഭാവവും മാറ്റി 'തേടിവരും കണ്ണുകളിൽ വികസനത്തിൻ വാഴ്ച.., കൂട്ടിനായി കൂടെയുണ്ട് നമ്മളുടെ പാർട്ടി...’ എന്നമട്ടിലാക്കിയാണ് പാടിനടക്കുന്നത്. നാടൻപാട്ട് കലാകാരന്മാരാണ് പാരഡി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ഇതൊരു കൈത്താങ്ങാണ്. 2,500 മുതൽ 7,000 രൂപവരെയാണ് ഒരു മുഴുനീളൻ പാരഡി പാട്ടിന് ചെലവാകുന്നത്. പുനലൂർ, തെങ്കാശി തുടങ്ങി അതിർത്തി മേഖലയിലെ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്താൻ തമിഴ് പാരഡി പാട്ടുകളും ഒരുക്കുന്നുണ്ട്. സിനിമാഗാനങ്ങൾക്ക് പുറമേ മാപ്പിളപ്പാട്ടുകളും പൊറാട്ടുനാടക പാട്ടുകളുമെല്ലാം പാരഡിയായി കളം നിറയുകയാണ്.
പാരഡി ഒരുക്കാൻ നാടൻപാട്ട് സംഘം
ജില്ലയിൽ കരുനാഗപ്പള്ളി, തേവലക്കര, കുന്നത്തൂർ, കുണ്ടറ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ നാടൻ പാട്ട് സംഘങ്ങളാണ് സിനിമാ പാട്ടുകളുൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങളെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാരഡി പാട്ടുകളാക്കി മാറ്റുന്നത്. പലഗാനങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇതോടെ മറ്റ് ജില്ലകളിൽ നിന്ന് പാട്ട് എഴുതാനും പാടി റെക്കോർഡ് ചെയ്യാനും ആവശ്യക്കാരെത്തുന്നുണ്ട്.
ചെലവ്
2,500 - 7,000 രൂപ
''
കൊവിഡിനെ തുടർന്ന് ഉത്സവ സീസൺ ഉൾപ്പെടെ നഷ്ടമായി പട്ടിണിയിലായ നാടൻ പാട്ട് സംഘങ്ങൾക്ക് തിരഞ്ഞെടുപ്പ് അതിജീവന കാലം കൂടിയാണ്.
സുനിൽ കാവിള
നാടൻപാട്ട് എഴുത്തുകാരൻ
''
കൂട്ടായ്മയിലെ അംഗങ്ങളെ കൂടാതെ മറ്റ് ഗായകർക്കും പാടാനും പാട്ടെഴുതാനും അവസരം നൽകുന്നുണ്ട്. 35ൽ അധികം ഗാനങ്ങൾ ഇതിനകം നൽകിക്കഴിഞ്ഞു.
ഗിരീഷ്, ഡയറക്ടർ
കൊല്ലം ക്രിയേറ്റീവ് ക്രിയേഷൻസ്