വിലാപയാത്രയ്ക്കിടെ സംഘർഷം
ബ്യൂണേഴ്സ് അയേഴ്സ് : കാൽപ്പന്തുകളിയിലെ അവതാരപ്പിറവി ഡിയാഗോ അമാൻഡോ മറഡോണയ്ക്ക് ലോകത്തിന്റെ കണ്ണീരിൽ അലിഞ്ഞ് ബ്യൂണേഴ്സ് അയേഴ്സിലെ ബെല്ല വിസ്ത സെമിത്തേരിയിൽ അന്ത്യവിശ്രമം. അർജന്റീനൻ പ്രസിഡൻഷ്യൽ കൊട്ടാരമായ കാസ റൊസാഡയിലെ പൊതു ദർശനത്തിന് ശേഷം അവിടെ നിന്ന് വിലാപയാത്രയായാണ് മറഡോണയുടെ ഭൗതീക ദേഹം ബെല്ല വിസ്ത സെമിത്തേരിയിൽ എത്തിച്ചത്. അർജന്റീനൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസും അർജന്റീനൻ ഫുട്ബാൾ ടീമംഗങ്ങളുമുൾപ്പെടെ നിരവധിപ്പേർ കാസ റൊസാഡയിൽ മറഡോണയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. ദേശീയ പതാകയിൽ പൊതിഞ്ഞ ശവമഞ്ചത്തിൽ അർജന്റീനൻ ഫുട്ബാൾ ടീമിന്റെ പത്താം നമ്പർ ജേഴ്സി പുതപ്പിച്ചാണ് മറഡോണയുടെ ഭൗതീക ദേഹം സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോയത്.
ആയിരണക്കണക്കിനാളുകളാണ് വിലാപയാത്ര കടന്നു പോയ റോഡരികിൽ ഇതിഹാസത്തിനെ അവസാനമായി ഒരു നോക്കുകാണുവാനും യാത്രാമൊഴിയേകാനുമെത്തിയത്. ബെല്ല വിസ്ത സെമിത്തേരിയിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ കുടുംബാംഗങ്ങൾ അടക്കം 24 പേർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അർജന്റീനൻ പ്രാദേശിക സമയം നാല് മണിക്കായിരുന്നു സംസ്കാരച്ചടങ്ങുകൾ. ബ്യൂണേഴ്സ് അയേഴ്സിൽ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ മറഡോണയുടെ ചിറകിലേറി വൻ നേട്ടങ്ങളുണ്ടാക്കിയ ഇറ്റലിയിലെ നാപ്പൊളി ക്ലബിന്റെ മൈതാനത്തിന് പുറത്ത് നിറകണ്ണുകളുമായി നിരവധിപ്പേർ ഒത്തുകൂടി.
സംഘർഷം, വെടിവയ്പ്പ്
മറഡോണയുടെ വിലാപയാത്ര കടന്നുപോയ വഴിയോരത്ത് സങ്കടം സഹിക്കാനാകാതെ ഒഴുകിയെത്തിയ ആരാധകരുടെ വലിയ തിരക്കായിരുന്നു. വികാര നിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. മറഡോണയുടെ ഭൗതീകദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിനരികിലേക്ക് കൂടുതൽ ആളുകൾ എത്താൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും റബർ ബുള്ളറ്റുകളുള്ള തോക്കും പ്രയോഗിച്ചു. ഇത് വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി.
ജോലി കളഞ്ഞ ഫോട്ടോ
മറഡോണയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ നടപടി. മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത ഇയ്യാളെ സെപിലിയോസ് പിനിയോസ് എന്ന ഫ്യൂണറൽ പാർലർ അധികൃതർ പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ ഫോട്ടോയ്ക്കെതിരെ വലിയ പ്രതിഷേധമാണുയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.