നേപിൾസ്: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ഫുട്ബാളർ ഡീഗോ മറഡോണയ്ക്ക് വിജയം കൊണ്ട് യാത്രാമൊഴിയേകി അദ്ദേഹത്തിന്റെ പ്രീയപ്പെട്ട ക്ലബ് നാപൊളി. 1984-91 കാലഘത്തിൽ മറഡോണയുടെ ചിറകിലേറി സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് കുതിച്ച ക്ലബാണ് ഇറ്റലിയിലെ നേപിൾസിലുള്ള നാപൊളി. ദരിദ്രരും രണ്ടാം തരക്കാരുമായ ജനങ്ങൾ താമസിക്കുന്ന നേപിൾസിലെ നാപൊളി ക്ലബിൽ കളിക്കാനെത്തിയതോടെ മറഡോണ അവരുടെ വീരനായകനാവുകയായിരുന്നു.
കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിലെ മത്സരത്തിൽ റിയേക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി നാപൊളി പ്രീക്വാർട്ടറിൽ എത്തി. മറഡോണയ്ക്കുള്ള ആദരമായി മത്സരത്തിന് മുൻപ് നാപൊളി താരങ്ങളെല്ലാം മറഡോണയുടെ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിൽ ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് കളിക്കാനിറങ്ങിയത്. പൊലിറ്റാനോയും ലൊസാനോയുമാണ് നാപൊളിക്കായി ലക്ഷ്യം കണ്ടത്. മോൾഡെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ആഴ്സനലും പ്രീക്വർട്ടർ ഉറപ്പിച്ചിട്ടുണ്ട്.