തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.10 ദിവസത്തിനിടയിൽ പെട്രോൾ ലിറ്ററിന് 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് കൂടിയത്.
വയനാട്ടിൽ പെട്രോൾ ലിറ്ററിന് 83.44രൂപയും, ഡീസലിന് 77.14 രൂപയുമാണ് ഇന്നത്തെ വില.കോഴിക്കോട് പെട്രോളിന് 82.53രൂപയും, ഡീസലിന് 76.34 രുപയുമാണ്. വരും ദിവസങ്ങളിലും വില കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ പിന്നിട്ടു. രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വീണ്ടും വില വർദ്ധിച്ചു തുടങ്ങിയത്.