തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിജിലൻസ് കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തി സമയം കളയുകയാണ്. നിയമം എന്താണെന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ല. നിയമം വ്യാഖ്യാനിക്കാൻ സംസ്ഥാനത്ത് നിയമ വകുപ്പുണ്ട്. നിയമ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടി പണം കിഫ്ബിയിൽ നിക്ഷേപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഗൗരവമായി എന്താ കണ്ടതെന്ന് വിജിലൻസ് പറയട്ടെ, എന്നിട്ട് പ്രതികരിക്കാം. കെ എസ് എഫ് ഇയുടെ വരുമാനം മുഴുവൻ ട്രഷറിയിൽ അടയ്ക്കണമെന്ന് ഒരു നിയമവും പറയുന്നില്ല. നാട്ടിൽ നടക്കുന്ന അഭൂതപൂർവമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം കൊടുക്കാൻ പറ്റുന്നുണ്ടോയെന്നതാണ് പ്രശ്നം. അതിനൊന്നും ഒരു തടസവുമുണ്ടായിട്ടില്ല. കൊവിഡ് വന്നിട്ട് പോലും പഞ്ചായത്തുകളുടെ ഫണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയില്ല. അപ്പം തിന്നാ മതി കുഴി ഒരുപാട് എണ്ണേണ്ടയെന്നും തോമസ് ഐസക്ക് പറഞ്ഞു.
എൻഫോഴ്സ്മെന്റിന്റേത് രാഷ്ട്രീയ കളിയാണ്. റിസർവ് ബാങ്കിന്റെ എല്ലാ അനുമതിയും കിഫ്ബിയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.