മൊറാദാബാദ്: വിവാഹം കഴിക്കുന്നതിനായി മതം മാറിയാൽ പത്ത് വർഷം തടവ്ശിക്ഷ നൽകുന്ന ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന നിയമത്തിനെതിരെ പ്രതിഷേധങ്ങൾ പലതും ഉയരുന്നുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് മൊറാദാബാദ് എം.പിയും സമാജ്വാദി പാർട്ടി അംഗവുമായ എസ്.ടി ഹസന്റെത്.
ലവ് ജിഹാദ് എന്നത് ബിജെപിയുടെ രാഷ്ട്രീയ അടവ് മാത്രമാണെന്ന് പറഞ്ഞ ഹസൻ മുസ്ളിം യുവാക്കളോട് ഒരു ഉപദേശവും നൽകാനുണ്ട്.
'എല്ലാ ഹിന്ദു പെൺകുട്ടികളെയും നിങ്ങളുടെ സഹോദരിമാരായി വേണം കാണാൻ. പ്രലോഭനങ്ങളിൽ പോയി വീഴാതിരിക്കൂ. സ്വയം രക്ഷിക്കൂ.' ഹസൻ പറയുന്നു. ലൗ ജിഹാദ് എന്നത് ഒരു രാഷ്ട്രീയ അടവ് മാത്രമാണ്. നമ്മുടെ രാജ്യത്ത് ജനങ്ങൾ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മതഭേദമന്യെയാണ്. ഹിന്ദുക്കൾ മുസ്ളീങ്ങളെയും മുസ്ളിങ്ങൾ തിരിച്ചും വിവാഹിതരാകാറുണ്ട്. എന്നാൽ അത്തരം എണ്ണം വളരെ കുറവാണ്.
ലവ് ജിഹാദ് എന്ന് പറയുന്ന കേസുകൾ ശരിയായി പരിശോധിച്ചാൽ പെൺകുട്ടികൾക്ക് ആൺകുട്ടി മുസ്ളീമാണെന്ന് അറിയാമെന്ന് വ്യക്തമാകും. എന്നാൽ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമുളള സമ്മർദ്ദം കാരണം അത് ലൗ ജിഹാദ് എന്ന് വിളിക്കപ്പെടുന്നതാണ്. എസ്.ടി ഹസൻ ആരോപിച്ചു.