ബ്രോയിലർ ചിക്കൻ 1990കളിൽ എത്തുന്നതുവരെ യുഗയുഗാന്തരങ്ങളോളം തൂവരു മാപ്ലമാരുടെ പ്രധാന മാംസഭക്ഷണം കാളയിറച്ചിയായിരുന്നു. കാളയിറച്ചി കഴിഞ്ഞാൽ പിന്നെ പോത്ത്. പോത്തിറച്ചി മുസ്ലീങ്ങളുടെ പെരുന്നാളിനൊക്കെയേ കിട്ടൂ. അമ്മച്ചിമാര്ക്ക് അതത്ര പിടിത്തമല്ല. അതും കഴിഞ്ഞിട്ടേയുള്ളൂ ആട്ടിറച്ചി. ആട്ടിറച്ചി യാദൃശ്ചികമായി സംഭവിക്കുന്നതാണ്. കഥ ഇങ്ങനെ: വഴിയിൽ കെട്ടിയിരുന്ന ആട്, കയറുപൊട്ടിച്ച് അയലോക്കത്തുകാരന്റെ ചീനിയില തിന്നും; ഊറ്റ പിടിച്ച് ചാവും. ചാകാന്നേരം മരണവെപ്രളത്തിൽ ഒരു പ്രത്യകതരം വിളിയുണ്ട്, ബേ.. ബേ.. ബേ,അതുകേൾക്കുമ്പോഴേ അറിയാം, അന്നു വൈകിട്ട് കടമുക്കിൽ ആട്ടിറച്ചി ആദായവില്പന ഉണ്ടാകുമെന്ന്!.ആടും പശുവും ഊറ്റപിടിച്ചാൽ അടക്കാലത്ത് ഒരു ചികിത്സയേ ഉള്ളൂ: ഉരുക്കിയ മത്തിനെയ്യ്! അക്കാലത്ത് എല്ലാ വീട്ടിലും ഉണ്ട്, പശുവും ആടും കോഴിയും ചീനികൃഷികൾ. മീൻവിൽപ്പനക്കാരായ റാവുത്തൻമാർ നല്ല നെയ്മത്തി, വീട്ടിൽ കൊണ്ടുതരും. അമ്മച്ചിമാർ, മത്തിവറുത്ത് അധികം വരുന്ന നെയ്യ് ഒരു കുപ്പിയിലൊഴിച്ചു സൂക്ഷിക്കും. എപ്പോഴാണ് പശുവിന്/ ആടിന് ഊറ്റപിടിക്കുന്നത് എന്നറിയില്ലല്ലോ. ഉരുവിനെ ചെരിച്ചു കിടത്തി വാ വലിച്ചുപിളർത്തിയ ഒരു മുളംകുഴൽ വഴി അണ്ണാക്കിലേക്ക് മത്തിനെയ്യ് ഒഴിച്ചുകൊടുക്കും. എന്നിട്ടും രക്ഷപെട്ടില്ലെങ്കിൽ യൂക്കാലി എണ്ണകൂടി കൊടുക്കും. 25 ശതമാനവും രക്ഷപെടും. രക്ഷപെടാത്തവ അന്നു വൈകിട്ട് ചന്തപ്പുറത്ത് ഇറച്ചിയായി വരും. ആ ഇറച്ചിക്ക് മത്തിനെയ്യും യൂക്കാലിത്തൈലവും കൂടിയുള്ള വല്ലാത്ത ഒരു ഗന്ധമായിരിക്കും. ഒരിക്കൽ വാങ്ങിയവർ പിന്നെയൊരിക്കലും വാങ്ങത്തില്ല. ചാകാതെ രക്ഷപെട്ടവ പിറ്റേന്ന് വീണ്ടും കയറുപൊട്ടിച്ച് അന്യന്റെ അയ്യത്തുകയറി ചീനിയിലതിന്നും; കഥ ആവർത്തിക്കും.
ബ്രോയ്ലർ ചിക്കൻ വരുന്നതിനുമുമ്പുള്ള കോഴിയിറച്ചിക്കഥയും പരമദരിദ്രമായിരുന്നു, എന്നുവേണം പറയാൻ. മുട്ടയിട്ടുമുട്ടയിട്ടു പതംവന്നു നെയ്മുറ്റിയ പിടക്കോഴികളായിരുന്നു സ്ഥിരം വേട്ടമൃഗങ്ങൾ! കോഴിക്കറിയിൽ കോഴിമാത്രം കാണത്തില്ല! അക്കാലത്ത്, വീടുകളിൽ 'പുതുപ്പള്ളിനേർച്ച' എന്നൊരു ചടങ്ങ് നടത്തുമായിരുന്നു.വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവഗീസ് സഹദായുടെ പെരുന്നാൾ ആണ് അത്. അതൊരുനേർച്ചയായി വീടുകളിൽ നടത്തിയാൽ സർപ്പകോപം ഒഴിവാകുമെന്ന ഒരു വിശ്വാസം ഉണ്ട്. അപ്പവും കോഴിക്കറിയുമാണ് നേർച്ചയായി വിളമ്പുന്നത്. സമീപവീടുകളിലെ കുട്ടികളെയും സ്ത്രീകളെയുമാണ് പ്രധാനമായി ക്ഷണിക്കുന്നത്.അതിനായി വീട്ടിൽ വളർത്തുന്ന ഒന്നോ രണ്ടോപൂവന്മാരുടെ കഥകഴിക്കും. അതിനെയൊന്നും കോഴിക്കറിയെന്ന് വിവക്ഷിക്കാൻ പാടില്ല. ഏറിവന്നാൽ ഒരു നീണ്ട കോഴി സാമ്പാർ എന്നുപറയാം, കൂടുതൽ ഡെക്കറെഷനൊന്നും വേണ്ടാ. അഞ്ഞൂറ് പിള്ളാർക്ക് അരക്കോഴിഎന്നകണക്കിലുള്ള ഒരു പ്രൊപ്പോഷൻ. പെൺമക്കളെ കെട്ടിച്ചുവിട്ടശേഷം ആദ്യവിരുന്നിന് മോളും മരുമോനുംകൂടി വരുമ്പോഴോ,അല്ലെങ്കിൽ ഓമല്ലൂർ കെട്ടിച്ച മാമിയുടെ ഭർത്താവ് മാമൻ ഓർക്കാപ്പുറത്ത് വിരുന്നിനുവരുമ്പോഴോ ആയിരിക്കും ശരിക്കുമുള്ള കോഴിക്കറി ഉണ്ടാക്കുന്നത്. അന്ന് അരോഗദൃഢഗാത്രനായ ഒരുപൂവൻ തരുണന്റെ കഥ കഴിയും. അവനെ കെണിയിൽപ്പെടുത്തി കൊണ്ടുവരേണ്ട ചുമതല പിള്ളേർക്കാണ്. ആദ്യം സൂത്രത്തിൽ നെല്ലോ അരിയോ ഇട്ടുബാ..ബാ..ബാ..എന്നുവിളിക്കും. പൂവൻ വന്നു നെല്ലെല്ലാം തിന്നിട്ടു പിടികൊടുക്കാതെപോകും. പിള്ളേർ പൂവന്റെ പിന്നാലെ നെട്ടോട്ടവും കുറിയോട്ടവും ഓടും; ഓട്ടത്തിനിടെ നെഞ്ചുരഞ്ഞു താഴെ വീഴും. പൂവൻ പറന്നു പറങ്കാവിന്റെ തുഞ്ചത്തുകേറും. ചില വീരന്മാരുണ്ട്; പുതുപ്പള്ളി പുണ്യാളച്ചനെ മനസിൽ ധ്യാനിച്ച് ഒരുകണ്ണടച്ചുനിന്ന് ശ്വാസംപിടിച്ച് ആകാവുന്നത്ര പിന്നോട്ടുചാഞ്ഞ്, വലത്തേ കൈ കോഴിയിലേക്ക് ലക്ഷ്യംപിടിച്ച്, കയ്യിൽകിട്ടിയ ഓട്ടിൻമുറിയിൽ ഒന്നുചുംബിച്ച് ഒരൊറ്റക്കിണ്ണ്...ദാ കിടക്കുന്നു, പൂവൻതാഴെ; പരിപ്പുവേറെ പിണ്ണാക്ക്വേറെയായി..
ഇറച്ചിക്കഥ പറഞ്ഞ് കാടുകയറി. വിഷയത്തിലേക്കുവരാം; തുവയൂർ കന്നാട്ടുകുന്നുമുക്കിൽ നിന്നും റീത്തുപള്ളി, പള്ളിക്കൂടം ഇവയുടെ സൈഡിലൂടെ കിഴക്കൊട്ടൊരു വഴിയുണ്ട്. സ്വർഗത്തിലേക്കുള്ള വഴി പോലെ ഇടുങ്ങിയതും കല്ലുംമുള്ളും നിറഞ്ഞതുമായിരുന്നു പണ്ട് ആ പാത. അതിനൊരു പ്രതീകാത്മകഭംഗിയും ഉണ്ടായിരുന്നു; ആ വഴിയിലാണ് എത്താപ്പള്ളിക്കുഴി. അവിടെയാണ് റീത്തുകാരുടെ ശവക്കോട്ട. സമയമാം രഥങ്ങൾ എത്രയോ വട്ടം ആ വഴിയിലൂടെ ഉരുണ്ടതാൺ ഇന്ന് ആ വഴിയൊക്കെ കോൺക്രീറ്റ് ഇട്ടു വെടിപ്പാക്കിയിട്ടുണ്ട്.
2530 വർഷം മുമ്പ് അന്നത്തെ പത്തുവയസുകാരുടെ ഭീകരസ്വപ്നങ്ങളുടെ ആകെത്തുകയായിരുന്നു എത്താപ്പള്ളിക്കുഴി! പകൽ പോലും ആ വഴിക്കാരും പോവത്തില്ല. ഒരുവശത്തെ താഴ്വരയിൽ അപ്പച്ചന്മാരുടെ ആത്മാക്കളുറങ്ങുന്ന സെമിത്തേരി. ഇങ്ങേപ്പുറത്ത് കൊടുംവേനലിലും വറ്റാത്ത നീരുറവയും ചുറ്റും ഈറക്കാടുകളും നട്ടുച്ചയ്ക്കും ചീവീടുകൾ കരയുന്നതുമായ താഴ്വര. അവിടെയാണ് സഹോദരന്മാരേ, പത്തുവയസുകാരുടെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഫീകര 'കിഡ്നാപ്പുകൾ' ഞായറാഴ്ച തോറും അരങ്ങേറുന്നത് ( കിഡ്നാപ്പ് എന്തെന്ന് വഴിയെ പറയാം)
പത്തുമണി കഴിഞ്ഞാൽ പിള്ളേരാരും ആ പരിസരത്തെങ്ങും കാണത്തില്ല. പള്ളിയിൽ പോയിട്ടുവരുന്ന അച്ചായന്മാർ ഒറ്റയ്ക്കും രണ്ടുംമൂന്നും ഒക്കയായി കയ്യാലകളിറങ്ങി ഗൂഢഗൂഢം ആത്മാക്കളുറങ്ങുന്ന ഈ താഴ്വര തേടി വരുo. ഇറങ്ങി ചെല്ലുമ്പോൾ കാണാം, വറ്റാത്ത നീരുറവയ്ക്കടുത്ത്, ഈറക്കാടുകളുടെ തണലിൽ, അച്ചായന്മാരുടെ നടുവിൽ അവൻ നിൽക്കുന്നത്. അവന്റെ അവസാനത്തെ അത്താഴം, സോറി, പോക്കഞ്ഞിയായ ഒരുപിടി പോച്ചയോ കച്ചിയോ ചവച്ചുകൊണ്ട് അന്ത്യ നിമിഷങ്ങളെണ്ണി അവൻ നില്ക്കും . ശൂന്യതയിലേക്ക് കണ്ണിമയ്ക്കാതെ ഒരു നില്പ്... അവൻ എന്നാൽ ഒരു കുമ്പൻ. കന്നിമലയിൽ നിന്നോ അന്തിച്ചിറനിന്നോ അഞ്ചാറ് അച്ചായന്മാർ ചേർന്ന് ഷെയറിട്ട് വാങ്ങിയതായിരിക്കും അവനെ.. അവന്റെ കഴുത്തിൽ ഏതാനും നിമിഷങ്ങൾക്കകം അറവ് കത്തിവീഴും. ആ കത്തിക്കുമൂർച്ച കൂട്ടിക്കൊണ്ട് മൂക്കേൽ മുട്ടുന്ന വയറും വായ്നിറച്ചു മുറുക്കാനുമായി ഒരുത്തൻ ഇരിക്കും. കശാപ്പിനു കൊണ്ടുവന്ന പോരുവഴിക്കാരൻ ഒരു റാവുത്തറാണയാൾ.കശാപ്പിനുള്ള കൂലിക്കുപുറമേ ആ തോലിന്റെ അവകാശവും റാവുത്തർക്കാണ്. (തദ്ദേശീയനായ സൈക്കിൾകുഞ്ഞച്ചൻ പിൽക്കാലത്ത്സന്തോഷപൂർവം ഈ തൊഴിൽ ഏറ്റെടുത്തു)
അതാ ആറാവുത്തർ എഴുന്നേറ്റുകഴിഞ്ഞു…. ഇനിയുള്ളത് കാണാനും കേൾക്കാനും വയ്യ. ഈറക്കാടുകളിളക്കി ഒരു പിടച്ചിൽ. അച്ചായന്മാർ നിർവികാരം അതുകണ്ടു നിൽക്കും. അവർ മിക്ക ഞായറാഴ്ചയും അതുകാണുന്നതാണല്ലോ. ഇനി അറക്കുന്നത് കാളയോ മൂരിയോ മറ്റോ ആണെങ്കിൽ അവ കുതറിയോടും; പാതിമുറിഞ്ഞ കഴുത്തുമായി. ബലിഷ്ഠകായന്മാരായ ചില അച്ചായന്മാർ അവയുടെ കൂടെ മത്സരിച്ചോടി പിടിച്ചുനിർത്തി കൊടുക്കും. രക്തമൊക്കെ വാർന്നു പ്രാണൻ പോയിക്കഴിഞ്ഞാൽ പിന്നെ എല്ലാം വേഗത്തിലാണ്. ഒരു ഉടുപ്പൂരുന്ന വേഗത്തിൽ തോലൊക്കെ പൊളിച്ചുമാറ്റും. വാരിയെല്ലിന്റെ അടിയിലെ ഇറച്ചിക്ക് വരിയിറച്ചി എന്നാണ് പേര്. അതിനും തുടയിറച്ചിക്കുമാണ് ഡിമാന്റ്. വണ്ടിക്കാളയാണെങ്കിൽ ഈ രണ്ടിറച്ചിക്കും അത്ര ഡിമാൻറ്റ് പോരാ. കരൾ, കൂമ്പ് ഒക്കെ പുരയിടത്തിന്റെ ഉടമസ്ഥന്മാരായ അച്ചായൻ സൗജന്യമാണ്. ബാക്കി ഇറച്ചി പങ്കാക്കി എല്ലാവരും കൂടി എടുക്കും. എല്ലും നെയ്യും ഒക്കെച്ചേർന്ന് ഒരു രണ്ടു രണ്ടരക്കിലോ വരും ഓരോ പങ്കും. തേക്കിലയിൽ കെട്ടി തുഞ്ചിരാണിത്തുമ്പിൽ തൂക്കിയാവും അപ്പന്മാർ അത് വീട്ടിൽ കൊണ്ടുവരിക. വെട്ടുനെയ്യുരുക്കി സൂക്ഷിച്ചുവച്ച് മഴക്കാലത്ത് ആ നെയ്യിൽ വറ്റലുചീനി വറത്ത് ചൂടോടെ തിന്നാൻ നല്ല രുചിയാണ്. 'പട്ടിക്കുകൊടുക്കാൻ' എന്ന വ്യാജേന ചില കൊച്ചാട്ടന്മാരും രഹസ്യമായി ഗോമാംസം വാങ്ങിയിരുന്നു!
'നൊയംപൂടിയ' (അന്ന് തൂവര് മാപ്ലമാരുടെ ഇടയിൽ ഈസ്റ്റർ, ക്രിസ്മസ് ദിവസങ്ങളെ നോയമ്പ് വീടുക എന്നർത്ഥത്തിൽ 'നൊയമ്പൂടിയ' എന്നാണ് വിളിച്ചിരുന്നത്) നൊയംപൂടിയത്തലെന്നു കിഡനാപ്പുകളുടെ എണ്ണം വളരെ കൂടുതലായിരിക്കും. കാളയിറച്ചി തിന്നാൻ, നോയമ്പ് തീരുന്ന അമ്പതു ദിവസംവരെയൊന്നും കൊതിമൂത്തഅച്ചായന്മാർ കാത്തിരിക്കില്ല. അത്രയുംനാൾ ഇറച്ചികൂട്ടാതെ കഴിച്ചുകൂട്ടിയ കൊടിയ ദുരിതം അവർക്ക് മാത്രമല്ലേ അറിയൂ. അതുകൊണ്ട് ഈസ്റ്ററിന് ഒരുദിവസം മുമ്പേ ദുഃഖശനിയാഴ് തന്നെ കിഡനാപ്പുകൾ നടന്നിരിക്കും. പെരുന്നാൾ കുർബാനയ്ക്ക് പരസ്പരം സമാധാനം നേരുന്ന 'കൈസൂരി' പ്രയോഗത്തിൽ രാത്രി കൂട്ടിയ ഇറച്ചിക്കറിയിലെ നെയ്യ് മൂലം കൈകൾ വഴുതിപ്പോകാറുണ്ടെന്നു പരിഹസിക്കാറുമുണ്ട്.
(ഓ... കിഡ്നാപ് എന്താണെന്നു പറയാൻ മറന്നു. അന്ന് അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന പ്രതിഭാശാലികളെ സംബന്ധിച്ചിടത്തോളം വെറും കശാപ്പ്, അറപ്പ്, വെട്ട് എന്നൊക്കെ പറഞ്ഞുകേൾക്കുന്നതിൽ ഒരു ഗുമ്മില്ലല്ലോ. അർത്ഥമറിയത്തില്ലെങ്കിലും നല്ല വെയ്റ്റുള്ള ഒരു വാക്കുചേർത്തു പറഞ്ഞാലേ ഈ ക്രൂരകൃത്യത്തിന് ഒരു ഇംപാക്റ്റ് വരൂ. അതുപോലെ, അക്കാലത്ത് പേനയ്ക്ക് 'നിബ്' എന്നല്ല പറഞ്ഞിരുന്നത്;അതിന്റെ. പേര് 'സ്റ്റിൽ!!!'.)
2530 വർഷം മുമ്പത്തെ തൂവര് മാപ്ലമാരുടെ കല്യാണാവശ്യങ്ങള്ക്കും ഇപ്രകാരം ഉരുക്കളെ കിഡ്നാപ്പ് ചെയ്യുകയായിരുന്നു പതിവ്. എല്ലാ നാട്ടിലും എന്നപോലെ പരോപകാരിയായ ഒരു അച്ചായൻ മുന്നിട്ടുനിന്നാണ് കല്യാണ ഒരുക്കങ്ങളെല്ലാം നടത്തുന്നത്. ഈരെഴയൻ തോർത്തി നോടൊപ്പം അനാവശ്യ തിരക്കുകളും തലേൽകെട്ടി ചിറിയിൽ ഒരു മുറിബീഡിയുമായി കല്യാണവീട്ടിൽഅദ്ദേഹമങ്ങനെ തലങ്ങും വിലങ്ങും നടക്കും. കല്യാണത്തലേന്ന് പന്തലിന്റെ ഒരുതൂണിൽ കുറുകെ കെട്ടിയ കമ്പിൽ വലിയ 'കൊറങ്ങുകൾ' (തുട, നെഞ്ച് തുടങ്ങിയ കിലോക്കണക്കിലുള്ള വലിയ മാംസഖണ്ഡങ്ങൾ) തൂക്കിയിടും. അവ പെണ്ണുങ്ങൾക്ക് അരിയാവുന്ന ചെറുകഷണങ്ങളായി അച്ചായൻമാർ മുറിച്ചിടും. അതിന്റെ അപ്രധാന ഭാഗങ്ങൾ എടുത്താണ് അന്നത്തെ അത്താഴസദ്യ.
അക്കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എത്താപ്പള്ളിക്കുഴിയിൽ ഫീകര കിഡ്നാപ്പുകളില്ല. എത്താപ്പള്ളിക്കുഴിക്കു ചുറ്റും എത്രയോ വീടുകളായി. കോൺക്രീറ്റ് റോഡും പോസ്റ്റും ലൈറ്റുമൊക്കെയായി. എത്താപ്പള്ളിക്കുഴി ആരുടേയും ഭീകര സ്വപ്നമല്ലാതായി.
അതിനുശേഷം തൂവരുമാപ്ലമാരുടെ മാംസദാഹം ശമിപ്പിച്ചിരുന്നത് കടമ്പനാട്ട് ചന്തയിൽ നിന്നോ അടൂർ കച്ചേരിച്ചന്തയിയിൽ നിന്നോ തൂക്കി വാങ്ങുന്ന ഇറച്ചിയായിരുന്നു.ഗൃഹനാഥൻമാരായ അപ്പന്മാർ ചിക്കനൊക്കെ തിന്നുമെങ്കിലും അവയൊന്നും കാളയിറച്ചിയുടെ പര്യംപുറത്തു വരത്തില്ല എന്നും, അതൊക്കെ പുളളാർക്കും പെണ്ണുങ്ങൾക്കും വേണ്ടിയുള്ളതാണ് എന്നായിരുന്നു അച്ചായന്മാരുടെ അഭിപ്രായം. പാണ്ടിമുളകും പിരിയൻ മുളകും സമം ചേർത്തരച്ച് ചീനിച്ചട്ടിയിൽ കൊത്തംപാലിട്ടു വറത്ത്, അരകല്ലിൽ അരച്ചെടുത്ത അരപ്പുംകൂട്ടി;ഒരു സീസനെങ്കിലും തട്ടിൻപുറത്ത് കിടന്ന്, ഉണക്കത്തെങ്ങാക്കൊത്ത് യഥേഷ്ടമിട്ട് ഇളക്കി മൺവട്ടക്കലത്തിൽ വിറകടുപ്പിലിരുന്നു തിളച്ചുമറിയുന്ന കാളയിറച്ചിച്ചാറും അപ്പോൾ അലയ്യത്തുനിന്നും പിഴുത, വെന്താൽ വെണ്ണപോലെ നാവിലിയുന്ന നമ്പർ ചീതനിവേയിച്ചതും കൂട്ടിക്കുഴച്ച് ഒരു 'പിടിപിടിച്ച്', എരിയൂറി, വിയർപ്പാറ്റാനായി തോളിലേക്ക് സ്ഥാനം മാറിയ ഈരെഴയൻ തോർത്തെടുത്ത് ആഞ്ഞു രണ്ടു വീശുവീശി മൂക്കീന്നും കണ്ണീന്നുമൊക്കെ വെള്ള മിറ്റി, ഊണുകഴിഞ്ഞ് ഇടത്തേ കയ്യിൽ ഒരു കയ്പ്പൻ ബീഡിയും വലത്തേ കയ്യിൽ പല്ലിടകുത്താനൊരു ഈർക്കിലുമായി ഗൃഹനാഥൻമാരായ അപ്പന്മാർ നിൽക്കുന്ന ഒരു നിൽപ്പുണ്ട്, അതൊന്നും നിങ്ങൾക്കുപറഞ്ഞാൽ മനസിലാവത്തില്ല. പ്രാണവായുവോളം ഞങ്ങൾ തൂവൻമാപ്ളമാർക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കാളയിറച്ചി. അതിപ്പം എന്തൊക്കെ നിരോധനം വന്നാലും മാറാൻ പോന്നില്ല.