ലക്നൗ : ഉത്തർപ്രദേശിലെ ബൽറാംപൂരിൽ 45 കാരനായ മാദ്ധ്യമപ്രവർത്തകനെയും സുഹൃത്തിനെയും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരു ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവർത്തകനായ രാകേഷ് സിംഗ്, സുഹൃത്തായ പിന്റു സാഹു ( 45 ) എന്നിവരെയാണ് ഇന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
പൊള്ളലേറ്റ ഇരുവരെയും ലക്നൗവിലുള്ള കെ.ജി.എം.യു ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണമടഞ്ഞു. കൽവാരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രാകേഷിന്റെ വീട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇരുവരെയും കണ്ടെത്തിയ മുറിയിൽ മാത്രമാണ് തീപിടുത്തം ഉണ്ടായത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സമയം, രാകേഷിന്റെ ഭാര്യ മക്കളുമായി തന്റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു.