തിരുവനന്തപുരം : പരാതി നൽകാനെത്തിയ ആളിനോടും മകളോടും മോശമായി പെരുമാറിയ സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈ എസ് പിയോട് അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്.
പൊലീസിന്റെ പെരുമാറ്റം മോശമായപ്പോൾ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആൾ കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും ഗോപകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും.