പത്താംക്ളാസിൽ ഫുൾ എ-പ്ളസ് വാങ്ങുന്നവർക്ക് പുരസ്കാരം
കൊച്ചി: വിദ്യാർത്ഥികളിൽ നിക്ഷേപ താത്പര്യം വളർത്താനായി ഏഴ് മുതൽ 10 വരെ ക്ളാസ് വിദ്യാർത്ഥികൾക്കായി കേരളാ ബാങ്ക് 'കുട്ടി നിക്ഷേപ" പദ്ധതി നടപ്പാക്കും. കേരളാ ബാങ്ക് ഭരണസമിതിയുടെ പ്രഥമയോഗത്തിലെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്.
പദ്ധതിയുടെ വിശദാംശങ്ങൾ ബാങ്കിന്റെ ഉടൻ ചേരുന്ന ബോർഡ് യോഗം തീരുമാനിക്കുമെന്ന് കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ 'കേരളകൗമുദി"യോട് പറഞ്ഞു. കൊവിഡ് വ്യാപനം കുറയുകയും സ്കൂളുകൾ തുറക്കുകയും ചെയ്യുന്ന മുറയ്ക്കായിരിക്കും പദ്ധതി നടപ്പാക്കാൻ സാദ്ധ്യത.
ഏഴാം ക്ളാസ് മുതൽ പദ്ധതിയിൽ ചേർന്ന് നിക്ഷേപം തുടങ്ങാം. ബാങ്ക് ശാഖയിൽ പോകാതെ, ഓൺലൈനായും നിക്ഷേപിക്കാം. ഇതിന്, രക്ഷിതാവിന്റെ ഫോൺ നമ്പർ ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ മതി. നിക്ഷേപ തുകയ്ക്ക് നിബന്ധനയില്ല. എത്ര ചെറിയ തുകയും എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാം.
10-ാം ക്ലാസിന് ശേഷം വിദ്യാർത്ഥി പ്ളസ് വണ്ണിലേക്ക് കടക്കുമ്പോൾ നിക്ഷേപതുകയും പലിശയും ബാങ്കിന്റെ വിഹിതവും ചേർന്ന് തിരികെ ലഭിക്കും. ഇത്, തുടർവിദ്യാഭ്യാസത്തിനും മറ്റുമുള്ള ചെലവ് കണ്ടെത്താൻ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. സ്കോളർഷിപ്പും പരിഗണിക്കുന്നു. പലിശനിരക്കുൾപ്പെടെയുള്ള കാര്യങ്ങൾ ബോർഡ് യോഗമാണ് തീരുമാനിക്കുക.
പൂർണമായും കടലാസ്രഹിതമായി അക്കൗണ്ട് തുറക്കാം. കുട്ടി നിക്ഷേപകരിൽ 10-ാം ക്ളാസിൽ ഫുൾ എ-പ്ളസ് നേടുന്നവർക്ക് ബാങ്ക് പുരസ്കാരവും നൽകും. കർഷകർക്ക് വിളകൾ സംഭരിക്കാനും മൂല്യവർദ്ധനയ്ക്കും സഹായിക്കുന്ന പദ്ധതിക്കും ആദ്യ ഭരണസമിതിയോഗം അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനസർക്കാരിന്റെ 'സുഭിക്ഷ കേരളം" ഉൾപ്പെടെയുള്ള പദ്ധതികളുടെ ഭാഗമായി കൃഷിയും ഉത്പാദനവും വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ യുവാക്കൾ കാർഷിക, കൃഷി അനുബന്ധ മേഖലകളിലേക്ക് വന്നു. ഇവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതായിരിക്കും പദ്ധതി.
ജനകീയ ബാങ്ക്
കേരള സംസ്ഥാന സഹകരണ ബാങ്ക് കേരളാ ബാങ്കായി മാറിയിട്ട് ഒരുവർഷം കഴിഞ്ഞു. ജനസൗഹൃദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനും ലക്ഷ്യങ്ങൾ കാണാനും ബാങ്കിന് കഴിഞ്ഞു.
769 ശാഖകളും 1.05 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസുമായി കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിപ്പോൾ. മൊത്തം ബിസിനസിൽ 40,265 കോടി രൂപയും വായ്പകളാണ്. നിക്ഷേപം 62,450 കോടി രൂപ. നടപ്പുവർഷം ഒക്ടോബറിലെ കണക്കനുസരിച്ച് പ്രവർത്തനലാഭം 270 കോടി രൂപ.