ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പഞ്ചായത്തിലേക്ക് ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റിട്ടും ഇന്നും നാട്ടുകാർക്കിടയിൽ ഹമീദണ്ണൻ മെമ്പർ തന്നെ. 1963ൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ 4-ാം വാർഡിൽ (മാതാക്കൽ) നിന്ന് കന്നി മത്സരത്തിനിറങ്ങി എതിരാളിയോട് 13 വോട്ടുകൾക്ക് പരാജയപ്പെട്ട ഈരാറ്റുപേട്ട പാലയംപറമ്പിൽ ഇ.എം.ഹമീദാണ് പ്രായം 90 ലെത്തി നിൽക്കുമ്പോഴും നാട്ടുകാരുടെ മെമ്പർ ഹമീദണ്ണൻ എന്ന നാമത്തിൽ അറിയപ്പെടുന്നത്. പ്രധാന കക്ഷിയായ മുസ്ലിംലീഗിനെതിരെ മറ്റു കക്ഷികളായ കോൺഗ്രസ് , അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും മറ്റ് 4 ഓളം ചെറുകക്ഷികൾ ചേർന്ന് പൗരമുന്നണി രൂപീകരിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ഹമീദിനെ സ്ഥാനാർത്ഥിയുമാക്കി. എതിരാളി മുസ്ലിംലീഗിലെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ഈസാഖാനായിരുന്നു. തോറ്റെങ്കിലും ഹമീദിനെ പ്രവർത്തകർ ഇത് ഞങ്ങളുടെ മെമ്പർ, ജയിച്ചയാൾ പ്രസിഡന്റും എന്നും പ്രഖ്യാപിച്ചു.