ബീജിംഗ് : ചൈനയിൽ അനധികൃതമായി അവയവങ്ങൾ നീക്കം ചെയ്ത് കച്ചവടം നടത്തിയിരുന്ന വൻ മാഫിയയിലെ നാല് ഡോക്ടർമാർ അടക്കമുള്ള ആറുപേർ അറസ്റ്റിൽ.ആൻഹുയി പ്രവിശ്യയിലെ ഹ്വെയൂൻ കൗണ്ടിയിലെ പീപ്പിൾസ് ഹോസ്പിറ്റലിൽ 2017നും 2018നും ഇടയിൽ മരണത്തിന് കീഴടങ്ങിയ 11 പേരിൽ നിന്നും ഇവർ അനധികൃതമായി വൃക്കകളും കരളും മാറ്റിയതായി കണ്ടെത്തി.
അവയവ കടത്ത് സംഘത്തിൽ ഉൾപ്പെട്ട ഈ ഡോക്ടർമാർ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വിദഗ്ദരും ഉന്നത പദവിയിലുള്ളവരുമാണ്. കാർ അപകടത്തിൽപ്പെട്ടവരും തലച്ചോറിൽ രക്തസ്രാവത്തോടെ പ്രവേശിപ്പിക്കപ്പെട്ടവരുമായിരുന്നു അവയവ മാഫിയയുടെ ഇരകൾ. പീപ്പിൾസ് ആശുപത്രിയിലെ ഐ.സി.യുവിന്റെ തലവൻ യാംഗ് സൂഷുൻ ആയിരുന്നു മരിച്ച രോഗികളുടെ അവയവ ദാനത്തിനായുള്ള സമ്മതത്തിനായി അവരുടെ ബന്ധുക്കളെ സമീപിച്ചിരുന്നത്.
തുടർന്ന് വ്യാജ സമ്മതപത്രത്തിൽ ബന്ധുക്കളെ കൊണ്ട് ഒപ്പിടിപ്പിക്കും. മരിച്ച രോഗിയെ അർദ്ധ രാത്രി ആംബുലൻസിനോട് സാദൃശ്യമുള്ള വാനിലേക്ക് മാറ്റുകയും അവിടെ വച്ച് ഡോക്ടർമാർ അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഈ മാഫിയ സംഘത്തിലെ തന്നെ കണ്ണികളായ ആളുകൾക്കോ മറ്റ് ആശുപത്രികളിലെ ഡോക്ടർമാർക്കോ അവയവങ്ങൾ വൻ തുകയ്ക്ക് വിൽക്കുകയും ചെയ്തിരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവരുടെ ഓരോ നീക്കങ്ങളും വളരെ രഹസ്യമായിരുന്നു. ഇത്തരത്തിൽ അവയവം നീക്കം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മകനുണ്ടായ സംശയമാണ് ഇപ്പോൾ സത്യം പുറത്തുക്കൊണ്ടുവന്നിരിക്കുന്നത്. 2018ലാണ് ഷി സിയാംഗ്ലിൻ എന്ന യുവാവിന്റെ മാതാവ് മരിച്ചത്. ആശുപത്രിയിലെ ഡോക്ടർമാരുടെ അഭ്യർത്ഥന പ്രകാരം മാതാവിന്റെ അവയവ ദാനത്തിന് ഇയാൾ സമ്മതിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം സമ്മതപത്രം അടക്കമുള്ള രേഖകൾ ഷി പരിശോധിക്കുകയും പൊരുത്തക്കേടുകൾ കണ്ടെത്തുകയുമായിരുന്നു.
പ്രാദേശിക ഭരണകൂടത്തിന്റെ പക്കലോ ചൈന ഓർഗൻ ഡൊണേഷൻ അഡ്മിനിസ്ട്രേറ്റീവ് സെന്ററിലോ തന്റെ മാതാവിന്റെ അവയവങ്ങൾ ദാനം ചെയ്യപ്പെട്ടു എന്നത് സംബന്ധിച്ച യാതൊരു രേഖകളും ഇയാൾക്ക് കണ്ടെത്താനും സാധിച്ചില്ല. ഡോ. യാംഗ് സൂഷുനെ സമീപിച്ചപ്പോൾ ഇക്കാര്യം പുറത്തുപോകാതിരിക്കാൻ അയാൾ തനിക്ക് വൻ തുക വാഗ്ദാനം ചെയ്തെന്നും ഷീ വെളിപ്പെടുത്തി.
ഒട്ടും വൈകാതെ ഷീ ഇക്കാര്യം അധികൃതരെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് ഡോക്ടർമാർ അടക്കം ആറുപേർ പിടിയിലായത്. ജൂലായിലായിരുന്നു ഇത്. എന്നാൽ ഷീ പ്രാദേശിക മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികൾ ഇപ്പോൾ ജയിലിലാണ്.
ചൈനീസ് ഭരണകൂടത്തിന്റെ അറിവോടെയാണ് അവയവ മാഫിയ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. 2015 വരെ തൂക്കിലേറ്റപ്പെടുന്ന പ്രതികളുടെ അവയവങ്ങളായിരുന്നു ചൈനീസ് ആശുപത്രികളിൽ ഉപയോഗിച്ചിരുന്നത്. രൂക്ഷ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഇത് നിറുത്തലാക്കി. ഇന്ന് രാജ്യത്തെ നാഷണൽ ഓർഗൻ ബാങ്ക് വഴിയാണ് രോഗികൾക്കായുള്ള അവയവ ദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എന്നാൽ രാജ്യത്ത് അവയവ മാഫിയ സജീവമാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.