ബൈക്കിലെത്തി മാല കവരുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു
കോട്ടയം: കഴിഞ്ഞ 11 മാസത്തിനിടെ ജില്ലയിൽ ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത് 74 സ്വർണമാലകൾ. വിവിധ മോഷണക്കേസുകളിലായി ഇതുവരെ 26 പ്രതികളാണ് പിടിയിലായത്. പകുതിയിലേറെ കേസുകളിലും പ്രതികളെ കണ്ടെത്താൻപോലും പൊലീസിനു സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലകളിലെ ആളൊഴിഞ്ഞ റോഡുകളിലാണ് മോഷണം ഏറെയും നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊവിഡ് ലോക്ക്ഡൗണിനു ശേഷമാണ് മാല മോഷണക്കേസുകൾ ജില്ലയിൽ വർദ്ധിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതികളെല്ലാം യുവാക്കൾ
ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിൽ പ്രതിയായവരെല്ലാം യുവാക്കളാണ്. 17 മുതൽ 26 വരെ പ്രായത്തിലൂള്ള 17 പേരെയാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയത്. പ്രതികളെല്ലാം ലഹരിയ്ക്ക് അടിമകളായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം നടത്താൻ എത്തിയവരിൽ 90 ശതമാനം പ്രതികളും ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച ബൈക്കുകളായിരുന്നു. നമ്പർ പ്ലേറ്റ് മാറ്റിയെത്തിയ ബൈക്കിൽ കറങ്ങി നടന്നാണ് ഇവർ മാല മോഷണം നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പിന്നിൽ ഗുണ്ടാസംഘങ്ങൾ
ജില്ലയിൽ മാല മോഷണക്കേസുകൾക്ക് പിന്നിൽ ഗുണ്ടാസംഘങ്ങളെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതുവരെ പിടിയിലായ പ്രതികൾക്കെല്ലാം ഗുണ്ടാ കഞ്ചാവ് മാഫിയസംഘങ്ങളുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണ്ടകൾക്കെതിരെ പൊലീസ് കർശനനടപടിയാരംഭിച്ചിരിക്കുന്നത്. ഗുണ്ടാ ക്രിമിനൽക്കേസ് പ്രതികളാണ് പ്രധാനമായും പുതിയ യുവാക്കളെ ബൈക്കിൽ അയച്ചു മാല പൊട്ടിക്കലിനു നിർദേശിക്കുന്നത്. ഇത്തരത്തിൽ ക്രിമിനൽക്കേസുകളിൽ പ്രതികളായ 22 പേരുടെ പട്ടികയാണ് കാപ്പ ചുമത്തി നടപടിയെടുക്കാൻ വേണ്ടി പൊലീസ് തയാറാക്കിയിരിക്കുന്നത്.
പാലായിലെ ചുവന്ന പൾസർ
പാലായിൽ ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ കുടുക്കിയത് ചുവന്ന പൾസർ ബൈക്കാണ്. കഴിഞ്ഞ പത്തൊൻപതിനു കടനാട് കാഞ്ഞിരമല പുളിപ്ലമാക്കൽ കമലാക്ഷിയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ചുവന്ന പൾസർ ബൈക്കിലാണ് പ്രതികൾ എത്തിയതെന്ന് സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതേതുടർന്നു പൊലീസ് ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തലനാട് മണാങ്കൽ എം.എസ് ജിസ് (38), കുമ്പിളിങ്കൽ അരുൺ കരുണാകരൻ (21), ആനന്ദശേരിൽ വി.എച്ച് സിയാദ് (33) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി മുതൽ മാർച്ച് വരെ: 18 കേസുകൾ
ലോക്ക്ഡൗണിന് ശേഷം: 56 കേസുകൾ