പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി. എ വലിയ നേട്ടമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രസ് ക്ളബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളും അധികാരത്തിന്റെ നിർവചനം മാറ്റിയെഴുതാൻ ആഗ്രഹിക്കുന്നു. തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും എന്നതിനു പകരം ജനങ്ങൾക്ക് പ്രയോജനകരമായ ഭരണമാണ് നാട് ആഗ്രഹിക്കുന്നത്. ആറര വർഷക്കാലത്തെ മോദി ഭരണത്തിന്റെ സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഇത്തവണ മുന്നേറും.
ശബരിമല വിമാനത്താവളത്തിന് ആരും എതിരല്ല. അതിന്റെ മറവിൽ നടക്കുന്ന കൊള്ളയെയാണ് എതിർക്കുന്നത്. വിമാനത്താവളത്തിനായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് പണം നൽകുന്നത് മറ്റു പലർക്കും സർക്കാർ ഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള സാഹചര്യം ഒരുക്കും. കാർഷിക വിപണിയിൽ കേരളത്തിന് സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ദൽഹിയിലെ കർഷക സമരത്തെ ഉദ്ദേശിച്ച് അദ്ദേഹം ചോദിച്ചു. തെറ്റിദ്ധരിപ്പിക്കപ്പെട്ട കുറെ കർഷകരും ഇടനിലക്കാരും കരാറുകാരുമാണ് സമരത്തിന് പിന്നിൽ.
അസാധ്യമെന്ന് കരുതിയിരുന്ന ജനോപകാരപ്രദമായ പലപദ്ധതികളും സാദ്ധ്യമാക്കിയ സർക്കാരാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരെന്ന് വി.മുരളീധരൻ പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷനായി. സെക്രട്ടറി ബിജു കുര്യൻ സ്വാഗതം പറഞ്ഞു.