കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരെ വലച്ച് ഇന്ധനവിലയും കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 1.24 രൂപയും ഡീസലിന് 1.91 രൂപയുമാണ് കൂടിയത്. ഇന്നലെ മാത്രം പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും ഉയർന്നു. പെട്രോളിന് 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ് ഇന്നലത്തെ തിരുവനന്തപുരം വില.
ആഗോളതലത്തിൽ കൊവിഡ് ഭീതി കുറയുന്നതും സമ്പദ്പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതും ക്രൂഡോയിൽ വില്പന കൂടാൻ സഹായിക്കുന്നുണ്ട്. ഇതാണ് പെട്രോൾ, ഡീസൽ വിലയെ സ്വാധീനിക്കുന്നത്. കൊവിഡ് വാക്സിൻ സജ്ജമാകുന്ന വാർത്തകളാണ് സമ്പദ്പ്രവർത്തനങ്ങളെ തുണയ്ക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും ഒപെക് ഇതര രാഷ്ട്രങ്ങളും നിലവിൽ ക്രൂഡോയിൽ ഉത്പാദനം മൂന്നുമാസത്തേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്, ദീർഘിപ്പിക്കാൻ അടുത്തയോഗത്തിൽ ഇവർ തീരുമാനിച്ചേക്കുമെന്ന സൂചനകളും ക്രൂഡ് വിലയെ മുന്നോട്ട് നയിക്കുകയാണ്.
ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന് (ഇന്ത്യൻ ബാസ്കറ്റ്) നവംബർ ആദ്യം വില ബാരലിന് 36.43 ഡോളറായിരുന്നു; ഇപ്പോൾ വില 47.41 ഡോളറാണ്.
കുതിപ്പ് നീണ്ട
ഇടവേളയ്ക്ക് ശേഷം
കൊവിഡ് കാലത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ മാർച്ച് 17 മുതൽ ജൂൺ ആറുവരെയും ജൂൺ 30 മുതൽ ആഗസ്റ്റ് 15 വരെയും പെട്രോൾ, ഡീസൽ വില മാറ്റിയിരുന്നില്ല. തുടർന്ന് വില കുറയ്ക്കുകയും കൂട്ടുകയും ചെയ്തു. സെപ്തംബർ 22ന് ശേഷം പെട്രോൾ വിലയും ഒക്ടോബർ രണ്ടിന് ശേഷം ഡീസൽ വിലയും വീണ്ടും വർദ്ധിപ്പിച്ചത് ഈമാസം 20 മുതലാണ്.