മലയാലപ്പുഴ: 'നാൻ വേട്പാളർ എനക്ക് വോട്ട് പോടുങ്കേ...', ഞാനാണ് സ്ഥാനാർത്ഥി എനിക്ക് വോട്ട് ചെയ്യണം... സ്ഥാനാർത്ഥികൾ തമിഴ്നാട്ടിൽ നാട്ടിൽ അല്ല. മലയാലപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണുള്ളത്.
തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ തിങ്ങിപാർക്കുന്ന വാർഡിൽ തമിഴ് വംശജരായ എൻ.വളർമതിയും കലാബാലനുമാണ് സ്ഥാനാർത്ഥികൾ. വളർമതി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കലാബാലൻ യു.ഡി.എഫുമാണ്. കലാബാലൻ കഴിഞ്ഞ തവണ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക തമിഴ് വംശജയായ അംഗമായിരുന്നു. ഇരുവരുടെയും വോട്ടഭ്യർത്ഥിക്കുന്ന നോട്ടീസും പോസ്റ്ററും ചുവരെഴുത്തും തമിഴിലാണ്.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെ മലയാളം പോസ്റ്ററുകൾക്കൊപ്പം ഇവരുടെ തമിഴ് പോസ്റ്ററുകളും സ്ഥാനംപിടിച്ചു കഴിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലുടെയുള്ള പ്രചരണവും വാഹനങ്ങളിലെ അനൗൺസ്മെന്റ് തമിഴിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇവിടെ എത്തുന്നവർക്ക് തമിഴ്നാട്ടിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലെത്തിയ അനുഭവമാണുണ്ടാകുക.
ബ്രിട്ടീഷുകാർ തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ, തിരുനെൽവേലി, തെങ്കാശിക്കടുത്തുള്ള കരടികുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തോട്ടത്തിലെ പണികൾക്കായി കൊണ്ടുവന്ന തൊഴിലാളികളുടെ പിന്മുറക്കാരാണിവർ.
487 വോട്ടർമാർ
ആദ്യകാലത്തു 2000 ത്തോളം തമിഴ് വംശജരായ വോട്ടർമാരുണ്ടായിരുന്നു. ഇപ്പോൾ നാല്, അഞ്ചു വാർഡുകളിലായി 487 തമിഴ് വോട്ടർമാരാണുള്ളത്.