• മണിക്കൂറിൽ 40.87 കി.മി വേഗതയിൽ
കൊച്ചി: ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസിന്റെ സമയക്രമം പതിവ് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ഉച്ചക്ക് 2.30ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.35 നാണ് തിരുവനന്തപുരത്ത് എത്തുന്നത്. 327 കിലോമീറ്റർ യാത്രചെയ്യാൻ എടുക്കുന്നത് 8 മണിക്കൂർ. അതായത് മണിക്കൂറിൽ ശരാശരി വേഗത 40.87 കിലോമീറ്റർ.
കേരള എക്സ്പ്രസ്, ബാംഗ്ലൂർ - എറണാകുളം ഇന്റർസിറ്റി, കോഴിക്കോട് ജനശതാബ്ദി തുടങ്ങിയ വണ്ടികൾക്കുമുമ്പേ തൃശൂർ സ്റ്റേഷൻവിടുന്ന വേണാട് ഈ ട്രെയിനുകളെല്ലാം കടന്നുപോയതിനുശേഷമാണ് എറണാകുളത്ത് എത്തുന്നത്. 3.50 ന് അങ്കമാലി തൊടുന്ന ട്രെയിൻ പിന്നെ 9 കി.മി. മാത്രം അകലെയുള്ള ആലുവയിലെത്തുന്നത് 4.20 ന്. ആലുവയിൽ നിന്നും 20 കി.മി മാത്രമുള്ള എറണാകുളം സൗത്തിൽ എത്താൻ 55 മിനിറ്റ്.
അങ്കമാലിയ്ക്കും എറണാകുളത്തിനും ഇടയിൽ പിടിച്ചിട്ട് പിന്നാലെവരുന്ന 3 ദീർഘദൂര ട്രെയിനുകൾക്ക് വഴിയൊരുക്കും. വീക്കിലി സ്പെഷ്യൽ ട്രെയിനിനുകൾക്കുവേണ്ടി പിടിച്ചിടുന്ന സമയം ഇതിൽപ്പെടുന്നുമില്ല. സൗത്ത് സ്റ്റേഷനിൽ എത്തി എൻജിൻ മാറ്റാൻ പിന്നെയും സമയമെടുക്കും.
ഷൊർണൂരിൽ നിന്നോ, എറണാകുളത്തു നിന്നോ പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്താതെ വഴിനീളെ ട്രെയിൻ പിടിച്ചിടുന്നത് ആർക്കും ഗുണവുമില്ലെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ. ഷൊർണൂർ നിന്നും പുറപ്പെടുന്ന സമയം 2.30 ന് പകരം അരമണിക്കൂർവൈകി 3.00ന് ആക്കുകയാണെങ്കിൽ തൃശൂർ നിന്നുള്ള കൂടുതൽ യാത്രക്കാർക്കും വേണാട് പ്രയോജനപ്പെടും. എറണാകുളത്ത് എത്തുന്നസമയത്തിൽ മാറ്റം വരികയുമില്ല. അവിടെ നിന്നുംകൃത്യം 05.25 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും ചെയ്യാം. ട്രെയിനുകളുടെ സമയ മാറ്റം പരിഗണിക്കുമ്പോൾ യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുക്കണമെന്ന് റെയിൽവെ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒഫ് റെയിൽസ് ആവശ്യപ്പെടുന്നു.