മട്ടാഞ്ചേരി: പിതാവും മകളും അങ്കത്തട്ടിൽ. പ്രചരണത്തിന് ചുക്കാൻ പിടിച്ച് മാതാവ്. കൊച്ചി കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിക്കാൻ ഉറച്ചാണ് എ.ജലാലും കുടുംബവും അരയും തലയും മുറുക്കി മത്സരരംഗത്ത് സജീവമായിട്ടുള്ളത്. ജനകീയ സമിതി കൺവീനറായ ജലാൽ മൂന്നാം ഡിവിഷനായ ഈരവേലിയിലാണ് ജനവിധി തേടുന്നത്. മകൾ ജഗീന അഞ്ചാം ഡിവിഷനായ മട്ടാഞ്ചേരിയിലും. ജെഗീനയുടെ കന്നിയങ്കമാണിത്. ഇരുവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ. ജലാൽ ഏഴാം തവണയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് ഇടത് ബി.ജെ.പി സ്ഥാനാർത്ഥികളെ പിന്നിലാക്കി II38 വോട്ടോടെ രണ്ടാമതെത്തി. ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചു. ജലാലിന്റെ ഭാര്യ ബീവി 2010ൽ അഞ്ചാം വാർഡിൽ നിന്നും ജനവിധി തേടിയിരുന്നു. തിരഞ്ഞെടുപ്പിൽ പ്രചരണങ്ങൾക്കെല്ലാം ബീവിയാണ് നേതൃത്വം നൽകുന്നത്.