വർക്കല: അഴിമതി രഹിത സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റും വെട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വിളബ്ഭാഗം എസ്. സുശീന്ദ്രനെ (55) ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് പരിക്കേല്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9.45ഓടെ വീട്ടിൽ നിന്നും മാർക്കറ്റിലേക്ക് പോകാനിറങ്ങിയ സുശീന്ദ്രനെ വിളബ്ഭാഗം - വലയന്റകുഴി ഭാഗത്തുവച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്ക് അടിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ കാലിൽ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. ഇതിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇരുകാലുകൾക്കും പരിക്കേറ്റ സുശീന്ദ്രനെ വീട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.