ബീജിംഗ്: ജൂണിലാണ് ചൈനയിലെ ജിൻജിൻ പ്രവിശ്യാ സ്വദേശി ഴാങ് കെമിന് 100 വയസ് തികഞ്ഞത്. ചിട്ടയായ ഭക്ഷണ രീതിയും വ്യായാമ മുറകളുമൊന്നുമല്ല കെമിന്റെ ദീർഘായുസിന്റെ രഹസ്യം. ഇവയ്ക്കൊന്നും കെമിൻ പ്രാധാന്യം കൊടുക്കാറുമില്ല.കൂടാതെ, ഈ പ്രായത്തിലും മദ്യവും ഫാസ്റ്റ്ഫുഡും സിഗരറ്റുമെല്ലാം കെമിൻ അപ്പൂപ്പന്റെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണ്.
തന്റെ ഭക്ഷണത്തെക്കുറിച്ച് കെമിൻ തീരെ ചിന്തിക്കാറില്ലത്രേ. പലപ്പോഴും ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ടെന്നും അതിൽ പ്രശ്നം ഒന്നും തോന്നിയിട്ടില്ലെന്നുംം അദ്ദേഹം പറയുന്നു. അതേസമയം മദ്യവും, സിഗരറ്റും ഇല്ലാതെ തനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും കെമിൻ വ്യക്തമാക്കുന്നുണ്ട്. എങ്കിലും പ്രായമേറിയതോടെ സിഗരറ്റിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്.
15-ാം വയസ് മുതൽ കെമിൻ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. ജോലി സ്ഥലത്ത് വച്ചാണ് പുകവലി സന്തതസഹചാരിയായത്. ഇപ്പോഴും ദിവസവും ഒരു പാക്കറ്റ് സിഗരറ്റെങ്കിലും വലിക്കാറുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം മദ്യപാനവും പുകവലിയും നല്ലതാണോ മോശമാണോ എന്ന് പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് താൻ എന്നും കെമിൻ പറയുന്നു.
മക്കളോടും പേരക്കുട്ടികളോടുമൊപ്പമാണ് കെമിൻ താമസിക്കുന്നത്. ടി.വി കാണുന്നതാണ് പ്രധാന ഹോബി. നടക്കാനിറങ്ങുന്നത് ഇഷ്ടമാണെങ്കിലും കൊവിഡ് കാലമായതിനാൽ മക്കൾ സമ്മതിക്കുന്നില്ലെന്ന് കെമിൻ പറഞ്ഞു.
പൂർണ ആരോഗ്യവാനായ കെമിന് ആകെയുള്ള ശാരീരിക പ്രശ്നം കേൾവിക്കുറവ് മാത്രമാണ്.