കോലഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം നടത്തുന്ന ജാഥകളും യോഗങ്ങളും പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശം. പൊതുയോഗങ്ങളും ജാഥകളും നിലവിലുള്ള കൊവിഡ് നിയന്ത്റണ നിർദേശങ്ങൾ അനുസരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഒരു കാരണവശാലും നിശ്ചയിച്ച എണ്ണത്തിൽ ആളുകൾ കൂടാൻ പാടില്ല. യോഗം നടക്കുന്ന സ്ഥലവും സമയവും തീയതിയും ജാഥ കടന്നു പോകുന്ന വഴികളുമാണ് പൊലീസിനെ മുൻകൂട്ടി അറിയിക്കേണ്ടത്. അതേസമയം യോഗം, ജാഥ എന്നിവ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്റണ ഉത്തരവ്, നിരോധനാജ്ഞ എന്നിവ പ്രാബല്യത്തിൽ ഇല്ലാ എന്ന് ഉറപ്പുവരുത്തണം.ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു കക്ഷി ജാഥ നടത്താൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഒരു കക്ഷിയുടെ പരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്. പൊതുയോഗങ്ങൾ തടസപ്പെടുത്തുകയോ യോഗസ്ഥലത്തു ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം വരെ തടവും 1000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.