കളമശേരി: ഏലൂർ പാട്ടുപുരയ്ക്കലിലെ സക്കീറിന്റെ വീടുകണ്ടാൽ ആരും ചോദിച്ച് പോകും. സക്കീറേ... മൂന്ന് സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്നുണ്ടോയെന്ന്. വീടിന് മുന്നിൽ ചിരിതൂകി നിൽക്കുന്ന മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെ വമ്പൻ ഫ്ലക്സുകളാണ് ഈ ചോദ്യം ചോദിപ്പിക്കാനുള്ള കാരണം ! ചോദ്യത്തിന് സക്കീറിന്റെ കൈയിൽ മറുപടിയുമുണ്ട്. അത് ഇങ്ങനെ. വോട്ട് ഒന്നേ ഉള്ളൂ.. പക്ഷേ, അടുത്ത സുഹൃത്തുക്കൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ നമ്മൾ എന്തെങ്കിലുമൊക്ക് ചെയ്യണ്ടേ. ഏലൂർ പാട്ടുപുരയ്ക്കൽ നാലാം വാർഡിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സുജിൽ, യു.ഡി.എഫിന്റെ ഷാജഹാൻ, എൻ.ഡി.എയിലെ സുരേഷ് ബാബു എന്നിവരുടെ ഫ്ലക്സുകളാണ് സക്കീറിന്ഖെ വീടിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. റോഡരികിലെ വീടായതിനാൽ മൂന്ന് സുഹൃക്കുകളും സക്കീറിനോട് ഫ്ലക്സ് സ്ഥാപിക്കുന്നത് അനുവാദം ചോദിച്ചിരുന്നു. കളിക്കൂട്ടുകാരോട് എതിർപ്പ് പറയാൻ മനസ് അനുവദിച്ചില്ലെന്നും ഇക്കാര്യത്തിൽ വീട്ടുകാർക്കും ബുദ്ധിമുട്ടില്ലെന്നും സക്കീർ പറയുന്നു.