ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി ചർച്ചകൾക്ക് തയ്യാറാണെന്നറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിസംബർ മൂന്നിന് മുൻപുതന്നെ ചർച്ചകൾ നടത്താമെന്നും എന്നാൽ അതിനുമുൻപ് കർഷകർ ഡൽഹിയിലെ ബുരാരി ഗ്രൗണ്ടിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഷാ ഇക്കാര്യം പറഞ്ഞത്. റോഡുകളിൽ പ്രക്ഷോഭം നടത്തുന്നത് അവസാനിപ്പിച്ചുകൊണ്ട് കർഷകർ ഡൽഹി പൊലീസ് അനുവദിച്ചിട്ടുള്ള മൈതാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
'ഇവിടെ നിങ്ങൾക്ക് ശുചിമുറികൾ, ആംബുലൻസ്, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളോടു സംസാരിക്കാൻ സർക്കാർ തയ്യാറാണ്. ഡിസംബർ മൂന്നിന് മുൻപ് ചർച്ചകൾ നടത്തണം എന്നുണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾ ഇങ്ങോട്ടേക്ക് മാറിയ ഉടനെ തന്നെ സർക്കാർ നിങ്ങളുമായി ചർച്ചകൾ നടത്തും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിക്കാൻ സർക്കാർ തയ്യാറാണ്.'-ഷാ പറഞ്ഞു.
എന്നാൽ നിബന്ധനകളോടെ അദ്ദേഹം ചർച്ചയ്ക്ക് വിളിച്ചത് ശരിയായി തോന്നുന്നില്ലെന്നും ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്ത് പ്രതികരണം അറിയിക്കാമെന്നും ഭാരതീയ കിസാൻ യൂണിയന്റെ പഞ്ചാബ് ഘടകം പ്രസിഡന്റ് ജഗ്ജീത് സിംഗ് പറഞ്ഞു. നിബന്ധകൾ വച്ചുകൊണ്ട് ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്നും തുറന്ന ഹൃദയത്തോടെയായിരുന്നു അദ്ദേഹം അത് ചെയ്യേണ്ടിയിരുന്നതെന്നും ജഗ്ജീത് സിംഗ് വിശദീകരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തിയ ശേഷം കർഷകർക്ക് പ്രക്ഷോഭം തുടരാൻ വടക്കൻ ഡൽഹിയിലെ ശാന്ത് നിരൻകാരി ഗ്രൗണ്ട് വിട്ടുനൽകാൻ ഡൽഹി പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ ഹരിയാന-ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർ ഇതിനോട് വിസമ്മതിക്കുകയാണ് ചെയ്തത്. സെൻട്രൽ ഡൽഹിയിൽ എത്തുന്നത് വരെ തങ്ങൾ പ്രതിഷേധം തുടരുമെന്നും ഇവർ അറിയിച്ചു. പ്രധാനമായും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്.