തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി നാലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് നിർദ്ദേശം. ഇക്കാര്യമറിയിച്ച് തിങ്കളാഴ്ച രവീന്ദ്രന് നോട്ടീസ് കൈമാറും. സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി- കള്ളപ്പണ ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് ചോദ്യംചെയ്യൽ. നവംബർ ആറിനു ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയതിനുപിന്നാലെ കൊവിഡ് ബാധിതനായി രവീന്ദ്രനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വീണ്ടും ആശുപത്രിയിലാക്കി. രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന വടകരയിലെ വ്യാപാരസ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതോടെ ഡിസ്ചാർജ് നേടി പുറത്തിറങ്ങി. ഇതിനു പിന്നാലെയാണ് ചോദ്യംചെയ്യാനുള്ള ഇ.ഡിയുടെ നീക്കം.