കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പ് പോരിനിടയിൽ കാസർകോട്ട് മൂന്ന് മുന്നണിനേതാക്കളും പങ്കെടുത്ത നേർക്കുനേർ പരിപാടിയിൽ സജീവചർച്ചയായത് വിവാദ വിഷയങ്ങൾ .വികസനത്തിന് വോട്ട് ചോദിച്ചാണ് എൽ.ഡി.എഫ് കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ തുടങ്ങിയത് തന്നെ. അപവാദപ്രചരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കഴിഞ്ഞ തവണ കൈവിട്ട കാസർകോട് ജില്ലാപഞ്ചായത്തടക്കം തിരിച്ചുപിടിക്കുമെന്നും ഇതുവരെ തങ്ങൾക്ക് എത്തിനോക്കാത്ത ഗ്രാമപഞ്ചായത്തുകളിൽ വരെ ഇക്കുറി ഭരിക്കുമെന്നും സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം കൂടിയായ അദ്ദേഹം അവകാശപ്പെട്ടു. കാസർകോട് പ്രസ് ക്ളബ് സംഘടിപ്പിച്ച നേർക്കുനേർ പരിപാടിയിലായിരുന്നു നേതാക്കളുടെ മുഖാമുഖം.
. 'പൂ ചോദിച്ചപ്പോൾ പൂക്കാലം' ആണ് സർക്കാർ ഈ നാടിന് നൽകിയത്. കേരള കോൺഗ്രസ് മാണി, എൽ.ജെ.ഡി പാർട്ടികളുടെ വരവ് മുന്നണിയെ ശക്തിപ്പെടുത്തും. റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും സ്റ്റേഡിയങ്ങളും അടക്കം കിഫ്ബി പദ്ധതിയിൽ കോടികളുടെ വികസന പദ്ധതികളാണ് നടത്തിയത് .ഖമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റും കേസും ജനങ്ങൾക്ക് മുന്നിലുണ്ടെന്നും സതീഷ് ചന്ദ്രൻ പറഞ്ഞു.
സർക്കാരിനെതിരെ അഴിമതി വിഷയങ്ങളുന്നയിച്ച യു.ഡി.എഫ് കൺവീനർ എ.ഗോവിന്ദൻനായർ
ലോക് സഭാ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയം കാസർകോട്ട് ആവർത്തിക്കുമെന്നാണ് അവകാശപ്പെട്ടത്. ജില്ലയിൽ യു.ഡി.എഫ് അനുകൂല തരംഗമാണുള്ളത്. കേരളത്തിന് മാതൃകയായ ജലജീവനം, ചെക്ക്ഡാം, സോളാർ വൈദ്യുതി തുടങ്ങിയ വികസന പദ്ധതികൾ യു.ഡി.എഫ് ജില്ലാപഞ്ചായത്തിൽ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസാരിച്ച ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനാകട്ടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളിലാണ് പ്രധാന ഊന്നൽ നൽകിയത്. മോദി സർക്കാർ അനുവദിച്ച വലിയ തുകയുടെ സഹായം എൽ.ഡി.എഫ് സർക്കാരിന് ഗുണകരമായി. എന്നിട്ടും പിന്നോക്ക ജില്ലയെന്ന ഓമനപ്പേര് മാറ്റാൻ മുന്നണികൾ തയ്യാറാകുന്നില്ല. വ്യവസായങ്ങളുടെ ശവപ്പറമ്പായി ഈ നാടിനെ മാറ്റിയത് മുന്നണി സർക്കാരുകളാണെന്നും വേലായുധൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം മോഡറേറ്ററായി. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.
പനത്തടിയിലെന്ത് സംഭവിക്കുന്നു.....
നീലേശ്വരത്തും പനത്തടിയിലുമടക്കം പലയിടത്തും ബി.ജെ.പി-യു.ഡി.എഫ് ബന്ധം എടുത്തുപറഞ്ഞ കെ.പി.സതീഷ് ചന്ദ്രൻ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മിക്കയിടത്തും സംയുക്തസ്ഥാനാർത്ഥികളെ നിർത്തിയും സ്ഥാനാർത്ഥികളെ നിർത്താതെയും ഇരുപാർട്ടികളും ഒത്തുകളിയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മടിക്കൈയിൽ സി.പി.എം ഭീഷണി മുഴക്കുന്നതായി എ.വേലായുധൻ കുറ്റപ്പെടുത്തി. ബി.ജെ.പി വോട്ട് വാങ്ങിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ഗോവിന്ദൻ നായർ ഈ വിഷയത്തിൽ വ്യക്തമാക്കിയത്.