മട്ടന്നൂർ: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കണ്ണൂർ വിമാനത്താവളം ഉൾകൊള്ളുന്ന മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പില്ല. നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് മട്ടന്നൂരിന് മാത്രം പ്രത്യേക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടിവരുന്നത്.
. മട്ടന്നൂർ നഗരസഭാ ഭരണസമിതിക്ക് രണ്ടു വർഷം കൂടി കാലാവധിയുണ്ട്. 2017 ലാണ് മട്ടന്നൂർ നഗരസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 1991ലാണ് എൽ.ഡി.എഫ്. സർക്കാർ മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണം മാറി വന്ന യു.ഡി.എഫ്. സർക്കാർ തീരുമാനം പിൻവലിച്ച് പഞ്ചായത്താക്കി വീണ്ടും തരംതാഴ്ത്തി. ഇടതുനേതാക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 1992ൽ കോടതി മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകാൻ വിധിക്കുകയും ചെയ്തു. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം മൂന്നുവർഷത്തോളം നഗരസഭയെന്ന നിലയിലുള്ള പ്രവർത്തനം മട്ടന്നൂരിനുണ്ടായില്ല. സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. ഇത് വികസനത്തെയും ബാധിച്ചു. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പിലൂടെ ഭരണ സമിതി അധികാരത്തിൽ വന്നത്. അന്നു മുതൽ മറ്റു തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് മാറിയാണ് മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ്.