SignIn
Kerala Kaumudi Online
Saturday, 10 April 2021 8.44 PM IST

കെ.എസ്.എഫ്.ഇയിൽ പരിശോധന, ബിനാമി പേരിൽ ജീവനക്കാർക്ക് ചിട്ടിയെന്ന് വിജിലൻസ്

ksfe

തൃശൂർ: തൃശൂരിലെ ഹെഡ് ഓഫീസിലടക്കം വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽ നടത്തിയ പരിശോധനയിൽ ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി കൂട്ടത്തോടെ പിടിക്കുന്നതും മറ്റു ക്രമക്കേടുകളും കണ്ടെത്തിയെന്ന് വിജിലൻസ് പത്രക്കുറിപ്പിൽ അറിയിച്ചു.

തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേർ 20 ചിട്ടിയിൽ ചേർന്നിട്ടുണ്ട്. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നതിനും രേഖകൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും വിജിലൻസ് സംശയിക്കുന്നു. ഓപ്പറേഷൻ ബചത് എന്ന പേരിലായിരുന്നു രണ്ട് ദിവസങ്ങളിൽ നടന്ന റെയ്ഡ്.

ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായി പരാതി നേരത്തെ വിജിലൻസിന് ലഭിച്ചിരുന്നു. ചിട്ടികളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നെന്ന പരാതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ സുദേഷ്‌കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

ഇടപാടുകൾ സുതാര്യം : ചെയർമാൻ

പത്തനംതിട്ട: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും എന്നാൽ ചില ബ്രാഞ്ചുകളിലെ പരിശോധനയുടെ പേരിൽ പുറത്തുവന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സെക്യൂരിറ്റി തുക നൽകാതെ ചിട്ടി ആരംഭിച്ചെന്ന പ്രചാരണം അസത്യമാണ്. ചിട്ടി ആരംഭിക്കണമെങ്കിൽ ട്രഷറിയിൽ പണം അടച്ച രസീതുകൾ ചിട്ടി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കണം. ബിനാമി പേരിൽ ഉദ്യോസ്ഥർ ചിട്ടി നടത്തുന്നെന്ന ആരോപണം ശരിയല്ല. അക്കൗണ്ട് വഴിയോ ചെക്ക് മുഖേനയോ ആണ് എല്ലാ പണം കൈമാറ്റവും നടക്കുന്നത്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ നൽകിയേ ചിട്ടിയിൽ ചേരാൻ കഴിയൂ. ചിട്ടിത്തുക കെ.എസ്.എഫ്.ഇ നേരിട്ട് കൈപ്പറ്റുന്നത് ഇൻകം ടാക്സ് ചട്ടപ്രകാരമാണ്. ചിട്ടിപ്പണം കൊടുക്കുന്നത് ബാങ്ക് അക്കൗണ്ട്, ചെക്ക് വഴിയാണ്.

ഒാരോ മാസത്തെയും കളക്‌ഷൻ സൂക്ഷിക്കുന്നത് ബാങ്കിലാണ്. ചിട്ടി പിടിക്കുന്നവർക്ക് കൊടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാ ദിവസത്തെയും കളക്‌ഷൻ ട്രഷറിയിൽ ഇടേണ്ട ബാധ്യത കെ.എസ്.എഫ്.ഇക്കില്ല. ബ്രാഞ്ചുകളുടെ സമീപത്തുള്ള ബാങ്കിലാണ് ദിവസ കളക്‌ഷൻ നിക്ഷേപിക്കുന്നത്. മിച്ചം വരുന്ന പണം നിക്ഷേപിക്കുന്നത് ട്രഷറിയിലാണ്. കെ.എസ്.എഫ്.ഇയുടെ 7000 കോടി ട്രഷറയിൽ നിക്ഷേപമുണ്ട്.

സ്വർണപ്പണയ നിക്ഷേപത്തിൽ കെ.എസ്.എഫ്. ഇ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നുണ്ട്. മിക്കവാറും ബ്രാഞ്ചുകളിലും സ്ട്രോംഗ് റൂമുകളുണ്ട്. ഇല്ലാത്തിടത്ത് സ്വർണം സൂക്ഷിക്കാൻ ജുവൽ ബോക്സുകളുണ്ട്. സ്വർണത്തിന് പൂർണമായ ഇൻഷ്വറൻസ് കവറേജുമുണ്ട്. 3000 കോടി രൂപയുടെ സ്വർണം നിക്ഷപമായുണ്ട്.

45040 കോടി രൂപയായി ബിസിനസ് വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് 2000 കോടിയുടെ നിക്ഷേപവർദ്ധനയുണ്ടായി. 14620 കോടി രൂപയുടെ നിക്ഷേപമാണ് ഇപ്പോഴുള്ളത്.

കൊവിഡ് കാലത്ത് ചിട്ടി അടയ്ക്കാത്തവരിൽ നിന്ന് പലിശ ഇൗടാക്കുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1500കോടി രൂപ കുടിശിക ഇനത്തിൽ പിരിച്ചെടുത്തിട്ടുണ്ട്. ആശ്വാസ് 2020 പദ്ധതിയിലൂടെ അർഹരായവർക്ക് 90 ശതമാനം വരെ പലിശ ഇളവ് ചെയ്തിട്ടുണ്ട്. അടുത്ത മാർച്ചിനുള്ളിൽ 2000 കോടി രൂപ കുടിശിക ഇനത്തിൽ പിരിച്ചെടുക്കുമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.

വിജിലൻസ് പറയുന്നത് അസംബന്ധം: മന്ത്രി ഐസക്

ആലപ്പുഴ: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്നും അവർ കണ്ടെത്താൻ ശ്രമിച്ചതും കണ്ടതുമായ കാര്യങ്ങൾ പറയട്ടെയെന്നും മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ ദിവസ വരുമാനം ട്രഷറിയിൽ അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത് എവിടത്തെ നിയമമാണ്? ഇക്കാര്യം ആർക്കും പരിശോധിക്കാം.

വിജിലൻസ് പറയുന്നത് അസംബന്ധമാണ്. ഇങ്ങനെയുള്ള വാദങ്ങൾ പത്രക്കുറിപ്പായി ഇറക്കരുത്. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജലൻസല്ല. അതിനിവിടെ നിയമ വകുപ്പുണ്ട്. നിയമവകുപ്പിന്റെ അംഗീകാരത്തോടെയാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നത്. സുതാര്യമായ സ്ഥാപനമാണ്. എല്ലാ കാര്യങ്ങളും ചെയർമാൻ വിശദീകരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSFE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.