മുംബയ്: കളിത്തോക്കെന്ന വ്യാജേന യഥാർത്ഥ തോക്ക് ഇറക്കുമതി ചെയ്യാനായി സഹായം ചെയ്ത ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസെടുത്തു. മുംബയ് എയർ കാർഗോയിലെ മുൻ കസ്റ്റംസ് ഡെപ്യുട്ടി കമ്മിഷണർ സി.എസ് പവൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. 2016- 17 വർഷങ്ങളിലായി ബാലാജി ഓട്ടോമോട്ടീവ് സൊല്യൂഷൻസ് എന്ന കമ്പനിക്കു വേണ്ടിയാണ് ചരക്കു രേഖകളിൽ കളിപ്പാട്ടമെന്ന് രേഖപ്പെടുത്തി ഒറിജിനൽ തോക്കുകൾ ഇറക്കുമതി ചെയ്തത്. കമ്പനിക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. 2016 ൽ 255 തോക്കുകളാണ് ഇത്തരത്തിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്. 2017 മേയിൽ ഇന്റലിജൻസ് സ്പെഷ്യൽ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് സി.ബി.ഐ കേസേറ്റെടുത്തത്. ഉദ്യോഗസ്ഥരുടെ മുംബയ്, പൂനെ, ഡൽഹി എന്നിവിടങ്ങളിലെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഒൻപതു ലക്ഷം രൂപയും രേഖകളും സി.ബി.ഐ പിടിച്ചെടുത്തിരുന്നു. പ്രതികൾക്കെതിരെ അഴിമതി വിരുദ്ധ നിയമം, ആയുധ നിയമം എന്നിവ പ്രകാരം കേസുകളെടുത്തു.