മുംബയ്: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മോശം പരാമർശമുയർത്തി മുംബയ് മേയർ വിവാദത്തിലായി. കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി തെറ്റാണെന്ന് കാട്ടി ബോംബെ ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് താരത്തെ വിലകെട്ട ആളെന്ന് വിളിച്ച് മുംബയ് മേയർ കിഷോരി പെഡ്നേക്കർ അധിക്ഷേപിച്ചത്. ഹിമാചലിൽ നിന്ന് മുംബയിലെത്തിയ ഒരു അഭിനേതാവ് നമ്മുടെ നാടിനെ പാക് അധീന കാശ്മീരെന്ന് വിളിച്ചപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു. തുടർന്ന് അവർക്കെതിരെ പരാതികൾ വന്നു. കോടതിയെ ഒരു രാഷ്ട്രീയ സർക്കസാക്കി മാറ്റാൻ ഇത്തരം വിലകുറഞ്ഞ ആളുകൾ ആഗ്രഹിക്കുന്നെങ്കിൽ അത് തെറ്റാണെന്നാണ് കിഷോരി ഒരു വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. കോടതിയിൽ തോറ്റ വിഷമം നടിയോടല്ല തീർക്കേണ്ടതെന്നാണ് കിഷോരിയോട് പലരും ഉപദേശിക്കുന്നത്.
ബാന്ദ്രയിലെ പാലി ഹില്ലിൽ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃത നിർമ്മാണം നടത്തിയെന്നാരോപിച്ച് പൊളിച്ചുമാറ്റിയ നടപടിയാണ് കോടതി വിമർശിച്ചത്. താരത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.