കോഴിക്കോട് : എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഞെട്ടിച്ച് കോഴിക്കോട് കോർപ്പറേഷനിൽ കഴിഞ്ഞ തവണ വൻകുതിപ്പ് നടത്തിയ ബി.ജെ.പി ഇത്തവണയും ഇരുമുന്നണികളുടെയും നെഞ്ചടിപ്പ് കൂട്ടുകയാണ്. 22 ശതമാനം വോട്ടും ഏഴ് സീറ്റുകളും സ്വന്തമാക്കിയ ബി.ജെ.പി ഇത്തവണ 40 ഡിവിഷനിൽ വിജയ പ്രതീക്ഷയിലാണ്. മുഖദാർ ഒഴികെ 74 സീറ്റുകളിലാണ് എൻ.ഡി.എ പോരിന് ഇറങ്ങുന്നത്.
നഗരത്തിലും ബേപ്പൂരിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. 68 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുമ്പോൾ മൂന്ന് സീറ്റിൽ ബി.ഡി.ജെ.എസും മൂന്ന് സീറ്റിൽ കാമരാജ് കോൺഗ്രസും എൻ.ഡി.എയ്ക്കായി പോരാടും. ബി.ജെ.പി നേടുന്ന വോട്ടുകൾ ഇത്തവണ നിർണായകമാണ്.
40 സീറ്റുകളിൽ കടുത്ത മത്സരം
ആകെയുള്ള 75 സീറ്റുകളിൽ 40 എണ്ണത്തിൽ എൻ.ഡി.എ കടുത്ത മത്സരമാണ് നടത്തുന്നത്. ഇതിൽ ഏഴ് സീറ്റികൾ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ഏഴ് സീറ്റുകളിൽ കഴിഞ്ഞ തവണ രണ്ടാമതെത്തി. 15 സീറ്റുകളിൽ ആയിരത്തിലേറെ വോട്ടുകൾ സ്വന്തമാക്കി കടുത്ത ത്രികോണ മത്സരം കാഴ്ചവെച്ചു. ഈ സീറ്റുകളിലെല്ലാം ഇത്തവണ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനത്തിലാണ് ബി.ജെ.പി. പ്രചാരണത്തിൽ ഏറെ മുന്നേറിയ ഡിവിഷനുകൾ ത്രികോണ മത്സരത്തിൽ ഒപ്പം നിറുത്താമെന്ന് പാർട്ടി കരുതുന്നു. ചേവരമ്പലം, സിവിൽസ്റ്റേഷൻ, കാരപ്പറമ്പ്, മീഞ്ചന്ത, ബേപ്പൂർ, ബേപ്പൂർ പോർട്ട്, മാറാട് എന്നീ ഡിവിഷനുകളിലാണ് കഴിഞ്ഞ തവണ താമര വിരിഞ്ഞത്.
കുടിൽത്തോട്, കുതിരവട്ടം, നടുവട്ടം,പുതിയാപ്പ, മൂന്നാലിങ്ങൽ, നടക്കാവ്, ചക്കോരത്ത്കുളം എന്നീ ഡിവിഷനുകളിൽ രണ്ടാമതെത്തി.
ബി.ജെ.പി തളർത്തുക ആരെ ?
ബി.ജെ.പിയുടെ കഴിഞ്ഞ തവണത്തെ മുന്നേറ്റം തിരിച്ചടിയായത് കോൺഗ്രസിനാണ്. കോൺഗ്രസ് വോട്ട് ബാങ്കിൽ വലിയതോതിൽ വിള്ളൽ വീഴ്ത്തിയ ബി.ജെ.പി ഇടതുപക്ഷത്തിനും പല ഡിവിനുകളിലും കനത്ത തിരിച്ചടി നൽകി. ത്രികോണ മത്സരം നടക്കുന്ന ഡിവിഷനുകളുടെ എണ്ണം കൂടുമ്പോൾ ബി.ജെ.പിയ്ക്ക് ലഭിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്കാണ് നഷ്ടം വരുത്തുകയെന്ന കാര്യത്തിൽ ഇരുമുന്നണികളിലും ആശങ്കയുണ്ട്.
പോരാളികളായി വനിതകൾ
വനിത സംവരണ ഡിവിഷനുകൾക്ക് പുറമേ നാല് ജനറൽ സീറ്റുകളിൽ ബി.ജെ.പിയ്ക്കായി പട നയിക്കുന്നത് വനിതകളാണ്. കാരപ്പറമ്പിലും മാറാടും സിറ്റിംഗ് കൗൺസിലർമാരായ നവ്യഹരിദാസും പൊന്നത്ത് ഷൈമയും മത്സരിക്കുന്നു. പുതിയാപ്പയിൽ കഴിഞ്ഞ തവണ രണ്ടാമതെത്തിയ സംയുക്ത റാണിയും കുതിരവട്ടത്ത് രണ്ടാമതെത്തിയ ബിന്ദു ഉദയകുമാറും വിജയിക്കാനുറച്ച് ഇത്തവണ പോരിനുണ്ട്.
സിറ്റിംഗ് ഡിവിഷനുകളിൽ ആശങ്ക
കഴിഞ്ഞ തവണ വിജയം നേടിയ നാല് സീറ്റുകൾ ഇത്തവണ വനിത സംവരണമായത് ബി.ജെ.പിൽ ആശങ്കയുണ്ട്. മീഞ്ചന്ത, ബേപ്പൂർ, ബേപ്പൂർ പോർട്ട്, ചേവരമ്പലം ഡിവിഷനുകൾ നിലനിറുത്തുകയാണ് ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളി. മികച്ച സംഘടനാ സംവിധാനമുള്ള ഡിവിഷനുകൾ കൈവിടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.