കോയമ്പത്തൂർ: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിലായി. കോയമ്പത്തൂർ കാങ്കയത്താണ് മധുര സ്വദേശിയായ 22കാരി അമ്മ പിടിയിലായത്. കുഞ്ഞിനെ പണം നൽകി വാങ്ങിയ ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മധുര ആവാരംപാളയം സ്വദേശിയായ 22 കാരി തുണിമിൽ തൊഴിലാളിയാണ്. ഇവർ സ്വന്തം കുഞ്ഞിനെ കാങ്കയത്തിനു സമീപത്തുള്ള കീരന്നൂരിലുള്ള വിശ്വനാഥനും ഭാര്യ വിജയയ്ക്കുമാണ് വിൽപ്പന നടത്താൻ ശ്രമിച്ചത്. കഴിഞ്ഞ് 20 വർഷമായിട്ടും വിശ്വനാഥനും വിജയയ്ക്കും കുട്ടികളില്ല. വിൽപ്പനയ്ക്ക് 22കാരിയുടെ ഭർത്താവും കൂട്ടുനിന്നു.
22-കാരി ഏഴുമാസം മുമ്പ് ആദ്യ ഭർത്താവുമായി പിരിയുകയും ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെൽവേലി സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷമാണ് ദമ്പതികൾ കീരന്നൂരിൽ താമസമായത്. പ്രസവശേഷം യുവതി ജോലിക്ക് പോയില്ല.
ലോക്ക്ഡൗൺ കാരണം ഭർത്താവിനും ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതോടെയാണ് ഇരുവരും കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു.