തൃക്കരിപ്പൂർ: ഏഴിമല നാവിക അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡിനെത്തിയ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ എത്തിയതിനെ തുടർന്ന് തൃക്കരിപ്പൂരിന്റെ തീരമായ വെള്ളാപ്പ് സുരക്ഷാവലയത്തിലായി. നാവിക അക്കാഡമിയിലെ 164 കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് ശേഷം കവ്വായി കായലിലൂടെയുള്ള സവാരി നടത്തണമെന്ന ആഗ്രഹത്തോടെയാണ് ഇദ്ദേഹവും കുടുംബവും പന്ത്രണ്ടുമണിയോടെയാണ് വെള്ളാപ്പിലെത്തിയത്.
ഇടയിലക്കാട് ബണ്ട് പരിസരം മുതൽ കോട്ടപ്പുറംവരെ ഹൗസ് ബോട്ട് യാത്ര ആസ്വദിച്ച ശേഷമാണ് കരസേന മേധാവി ഉച്ച തിരിഞ്ഞ് തിരിച്ചുപോയത്. കരസേനാ മേധാവിക്ക് അതീവ സുരക്ഷാ സംവിധാനമൊരുക്കാനാണ് ഇന്നലെ രാവിലെ മുതൽ പ്രദേശം സുരക്ഷാവലയത്തിനുള്ളിലാക്കിയത്. പൊലീസ് ഇതു വഴിയുള്ള ഗതാഗതമടക്കം കർശനമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കിയിരുന്നു.