കാഞ്ഞങ്ങാട്: മാവുങ്കാലിൽ വീട് കുത്തിത്തുറന്ന് ആറുലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന മേബിൾറോസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂത്തമകൻ പ്രമിത്തിനെ കാണാൻ ഇളയമകൻ പ്രജിത്തിനെയും കൂട്ടി വെള്ളിയാഴ്ച വൈകിട്ട് മേബിൾറോസ് വീടു പൂട്ടി പോയതായിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചുവന്നപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി വ്യക്തമായത്.
20 സെറ്റ് കമ്മൽ, ഒരു കരിമണിമാല, മൂന്നു പവൻ വീതമുള്ള മൂന്ന് മാലകൾ എന്നിവയാണ് മോഷണം പോയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. വീടിന്റെ മുകളിലത്തെ മുറി കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച ഫയലുകളും മറ്റും വലിച്ചെറിഞ്ഞ നിലയിലാണ്.
വർക്ക് ഏരിയയുടെ അകത്തുണ്ടായിരുന്ന പിക്കാസുപയോഗിച്ചാണ് പൂട്ട് പൊളിച്ചത്. മേബിൾ റോസിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.