എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അഞ്ചാം വാർഡിലെ എൻ.സി.പി സ്ഥാനാർത്ഥി ജോസഫ് അറയ്ക്കലിനാണ് മർദ്ദനമേറ്റത്. കോൺഗ്രസ് പ്രവർത്തകരാണ് മർദ്ധിച്ചതെന്നാണ് ആരോപണം. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടോടെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ജോസഫ് അറയ്ക്കലിന്റെ മെഡിക്കൽ ഷോപ്പിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തെക്കേത്തല ബെന്നി, ഇയാളുടെ സഹോദരൻ ബാബുരാജ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. മരത്തടികൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോസഫ് അറയ്ക്കൽ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. തനിക്ക് ഇവരുടെ ഭീഷണിയുണ്ടെന്ന് കാണിച്ച് ജോസഫ് കഴിഞ്ഞ ദിവസം നേരിട്ട് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിരുന്നു.
കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐ: അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാജയ ഭീതിപൂണ്ട കോൺഗ്രസ് ആസൂത്രിതമായി ആക്രമണം നടത്തിയതാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.