ഗുരുഗ്രാം: നാല് പെൺമക്കളെ കഴുത്തറുത്ത് കൊന്ന് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുഗ്രാമിലെ നൂഹ് പിർപോളി ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പ്രദേശവാസിയായ ഖുർഷിദ് അഹമ്മദിന്റെ ഭാര്യ ഫർമിനയാണ് (35) ഏഴും അഞ്ചും മൂന്നും വയസുള്ളതും എട്ടുമാസം പ്രായമുള്ളതുമായ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ഫർമിന സ്വയം കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചു. വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഫർമിന ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്രാമത്തിലെ മറ്റൊരു വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ഖുർഷിദും ബന്ധുവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിയ ഖുർഷിദ് നിരവധി തവണ വാതിലിൽ തട്ടിവിളിച്ചിട്ടും അനക്കമുണ്ടായില്ല. തുടർന്ന് ജനലിലൂടെ അകത്തുനോക്കിയ ഖുർഷിദ് കണ്ടത് കഴുത്തുമുറിക്കുന്ന ഭാര്യയെയാണ്. ഉടൻതന്നെ ബന്ധുവിനെയും അയൽക്കാരെയും വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങിയ ശേഷം എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. കൂട്ടക്കൊലയ്ക്കു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ആദ്യ ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയ ശേഷം 2012-ലാണ് ഫർമിനയും ഖുർഷിദും വിവാഹിതരായത്. ദമ്പതിമാർക്കിടയിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അയൽക്കാരുടെ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പുൻഹാന പൊലീസ് അറിയിച്ചു.