മലപ്പുറം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) ഇന്നുമുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. മറ്റു ജില്ലകളിൽ കൊവിഡ് ബാധിതരായി കഴിയുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്പെഷ്യൽ തപാൽ വോട്ട് അനുവദിക്കും.
ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഇന്നുമുതൽ കൈമാറിത്തുടങ്ങും. ഡിസംബർ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ ഒന്നിനാണ് ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറേണ്ടത്. ഡിസംബർ 14ന് തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ അഞ്ചിനാണ് ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഹെൽത്ത് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറേണ്ടത്.