ന്യൂഡൽഹി: ഇന്ത്യയുടെ കാർട്ടോസാറ്റ് - 2 എഫ്, റഷ്യയുടെ കനോപസ് - 5 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് അപകടകരമാം വിധം അടുത്തു വന്നെങ്കിലും കൂട്ടിയിടി ഒഴിവായി. വെള്ളിയാഴ്ച ഇരു ഉപഗ്രഹങ്ങളും ഭ്രമണത്തിനിടെ 224 മീറ്റർ അടുത്ത് എത്തിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് ആണ് ഇത് ആദ്യം സ്ഥിരീകരിച്ചത്. ഐ.എസ്.ആർ.ഒ ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ശരിവച്ചു.
എന്നാൽ ഉപഗ്രഹങ്ങൾ തമ്മിൽ 420 മീറ്റർ അകലെയായിരുന്നു എന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 150മീറ്ററിൽ കുറവായാൽ മാത്രം ഗതി തിരിച്ചുവിട്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.