ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി 'ദില്ലി ചലോ" കർഷക മാർച്ച് നാലാംദിവസത്തിലേക്ക് കടന്നു. പഞ്ചാബിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ ഡൽഹി ഹരിയാന അതിർത്തിയിലെ സിംഗുവിൽ തുടരുകയാണ്. പ്രതിഷേധത്തിനായി സർക്കാർ അനുവദിച്ച ബുറാഡിയിലെ മൈതാനത്തേക്ക് പോകാൻ വിസമ്മതിച്ച അവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജന്ദർമന്തറിലേക്ക് പോകണമെന്നാണ് ആവശ്യം. മറ്റിടങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് കർഷകർ ബുറാഡി മൈതാനത്ത് പ്രവേശിച്ചു.
യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി കർഷകർ ഡൽഹിക്ക് പുറപ്പെട്ടതോടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. തിക്രി, സിംഗു അതിർത്തികൾ അടച്ചു.
ഇന്ന് രാവിലെ പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗ ശേഷം സംയുക്ത കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗം സിംഗു അതിർത്തിയിൽ ചേരും. കേന്ദ്രസർക്കാർ വിളിച്ച ഡിസംബർ മൂന്നിലെ യോഗത്തിൽ പങ്കെടുക്കുന്നതിലും പ്രതിഷേധം തുടരുന്നതിലും തീരുമാനം എടുക്കും.
കർഷകർക്കെതിരായ പൊലീസ് നടപടിയിൽ യു.പി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധിച്ചു.
പിന്തുണയുമായി
പ്രതിപക്ഷം
കർഷകർക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കർഷകവിരുദ്ധ നിയമം പിൻവലിക്കണമെന്നും എൻ.സി.പി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, സി.പി.ഐ.എം.എൽ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
'ജയ് ജവാൻ ജയ് കിസാൻ" എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും മോദിയുടെ ധാർഷ്ട്യമാണ് ജവാൻമാരെ കർഷകർക്കെതിരെ തിരിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വീണ്ടും ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിലെ യോഗത്തിൽ കർഷക സംഘടനകളെത്തുമെന്നാണ് പ്രതീക്ഷ.
വധശ്രമത്തിനും
കലാപത്തിനും കേസ്
സംഘർഷങ്ങളിൽ ഭാരതീയ കിസാൻ യൂണിയൻ ഹരിയാന പ്രസിഡന്റ് ഗുർനാം സിംഗ് ഉൾപ്പെടെ നിരവധി പേർക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു. വധ ശ്രമം, കലാപമുണ്ടാക്കൽ തുടങ്ങിയവകുപ്പുകളാണ് ചുമത്തിയത്. കൊവിഡ് വ്യാപനത്തിനിടയാക്കുന്ന അശ്രദ്ധയ്ക്കും കേസുണ്ട്.
പിന്നിൽ പഞ്ചാബിലെ
കർഷകരെന്ന് ഖട്ടർ
കർഷകസമരത്തിൽ ഹരിയാനയിലെ കർഷകരില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ്. രാഷ്ട്രീയ പാർട്ടികളും പിന്നിലുണ്ട്. പ്രശ്നങ്ങൾക്ക് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ്.
ഖലിസ്ഥാൻ അനുകൂലികളും സമരത്തിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ എന്തിനാണ് കർഷകർക്കെതിരെ ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തിരിച്ചടിച്ചു.
ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ
പുതിയ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തണുത്ത കാലാവസ്ഥയിൽ ട്രാക്ടറിലും മറ്റുമായി ഹൈവേകളിലാണ് കർഷകർ തങ്ങുന്നത്. ഇപ്പോൾ സർക്കാർ നിശ്ചയിച്ച വലിയ മൈതാനത്തേക്ക് പ്രതിഷേധം മാറ്റണം. കൂടാതെ കൃഷിമന്ത്രി ഡിസംബർ മൂന്നിന് കർഷകരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതിന് മുൻപ് ചർച്ച നടത്താൻ കർഷകർ ആഗ്രഹിക്കുന്നുവെങ്കിൽ നിശ്ചയിച്ച സ്ഥലത്തേക്ക് മാറിയാലുടൻ സർക്കാർ അതിന് തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി.