ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭക്ഷണശാലകളുടെ പ്രവർത്തനം ഏറെക്കുറെ പഴയപടിയായത് കൊവിഡ് വ്യാപന ആശങ്ക ഉയർത്തുന്നു. രാത്രികാല തട്ടുകടകളിലടക്കം സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണതോതിൽ ഫലവത്താകുന്നില്ല. ഉച്ചയൂണ് സമയത്ത് കസേര തികയാത്തതിനാൽ ആളുകൾ ഊഴം കാത്ത് ഹോട്ടലുകൾക്ക് പുറത്ത് കാത്തുനിൽക്കുന്ന കൊവിഡിന് മുമ്പുള്ള കാഴ്ച്യും തിരിച്ചുവന്നു.
ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ഭക്ഷണ ശ്യംഖലയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ഭക്ഷണം വീട്ടിലെത്തിച്ച് കിട്ടുമ്പോഴുള്ള നിരക്ക് വ്യത്യാസം മൂലം പലരും ഓൺലൈൻ ഭക്ഷണ സർവീസിനെ സ്ഥിരമായി ആശ്രയിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണനാളുകൾ ആരംഭിച്ചതോടെ ഹോട്ടലിനെ ആശ്രയിക്കുന്ന പാർട്ടി അണികളുടെയും പ്രവർത്തകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായത് ആളുകൾ തിങ്ങിനിറഞ്ഞ ഹോട്ടലുകളാണെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. സംസ്ഥാനത്ത് ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്നറിയിപ്പും നൽകിയിരുന്നു. നിലവിൽ രാത്രി 9 മണി വരെയാണ് ഹോട്ടലുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. തട്ടുകടകൾക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. പാഴ്സൽ വാങ്ങി പോകണമെന്നാണ് ചട്ടം. എന്നാൽ ജില്ലയിലെ ചില തട്ടുകടകളിൽ രാത്രികാലത്ത് വഴിയോരത്തിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്നതായി പരാതിയുണ്ട്.
മാസ്ക്കുണ്ട് ഗ്ലൗസില്ല
ഹോട്ടലുകളിലെ ജീവനക്കാർ ശുചിത്വത്തിന്റെ ഭാഗമായി മാസ്ക്കും ഗ്ലൗസും ധരിക്കേണ്ടതാണ്. എന്നാൽ പല കടകളിലും സ്ഥിതി വ്യത്യസ്തമാണ്. മാസ്ക്ക് നിർബന്ധമായതിനാൽ അവ ധരിക്കും. എന്നാൽ എല്ലാ ഉപഭോക്താക്കളോടും ഇടപഴകുന്ന കൈകളിൽ പലപ്പോഴും ഗ്ലൗസ് ധരിക്കാറില്ലെന്ന് പരാതിയുണ്ട്. തട്ടുകട മുതൽ ആഡംബര ഹോട്ടലുകളിൽ വരെ സമാനമാണ് സ്ഥിതി.
വേണം കരുതൽ
മിക്ക ഹോട്ടലുകളിലും പാചകവും സപ്ലൈയും കൈകാര്യം ചെയ്യുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. അന്യനാട്ടിൽ നിന്നെത്തുന്ന തൊഴിലാളികൾക്ക് ക്വാറന്റൈൻ നിർബന്ധമാണ്. നിരീക്ഷണ കാലാവധിക്കും ടെസ്റ്റിനും ശേഷം മാത്രമേ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളു. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർക്കും, ഹോട്ടലുടമകൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ മുടങ്ങാതെ പരിശോധന നടത്തേണ്ടതുമുണ്ട്.
പ്രചാരണകാലത്ത് കൃത്യ സമയത്ത് വീട്ടിലെത്തി ഭക്ഷണം കഴിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. ഹോട്ടൽ തന്നെയാണ് ആശ്രയം. ചില ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അത്തരം ദിവസങ്ങളിൽ പാഴ്സൽ വാങ്ങിപ്പോരും
- നഗരസഭയിലെ ഒരു സ്ഥാനാർത്ഥി