(2020 ഡിസംബർ ഒന്ന് ലക്കത്തിലെ യോഗനാദം എഡിറ്റോറിയൽ)
ഇത് തിരിച്ചറിവിന്റെ കാലമാണ്. കേരളത്തിൽ ജാതിയും മതവുമില്ലാത്ത രാഷ്ട്രീയം ഈഴവരാദി പിന്നാക്ക ഹിന്ദുക്കൾക്ക് മാത്രമേയുള്ളെന്ന തിരിച്ചറിവിന്റെ കാലം. മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേൽ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡുകാലത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ അരങ്ങേറുന്നത്.
ഇങ്ങിനെ പോയാൽ, ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ സമ്പൂർണ സാക്ഷര കേരളമേ, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളേ, പട്ടികജാതി, പട്ടികവർഗക്കാരേ, സവർണ ഹിന്ദുക്കളേ നിങ്ങൾക്ക് കാലം മാപ്പുതരില്ല. ജമ്മു - കാശ്മീരിലെ പണ്ഡിറ്റുകളുടെ ദുർഗതി നിങ്ങളെയും പിൻതലമുറയെയും തേടിയെത്തിയേക്കാവുന്ന കാലം അതിവിദൂരമല്ല..... അപ്രിയസത്യം പറയേണ്ടി വരുന്നതിൽ ദു:ഖമുണ്ട്. ആശങ്കയുണ്ട്. ഇതിന്റെ പേരിൽ ആക്രമിക്കപ്പെട്ടാലും സങ്കടമില്ല. സത്യം ആരെങ്കിലും തുറന്നു പറഞ്ഞല്ലേ പറ്റൂ.
ഈ തിരഞ്ഞെടുപ്പിൽ ഇടതു, വലതു മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക ഒന്നു പരിശോധിക്കൂ. ഇവിടെ പിന്നാക്ക ഹിന്ദുക്കൾ വോട്ടുകുത്തൽ യന്ത്രങ്ങളും രാഷ്ട്രീയ തൊഴിലാളികളും മാത്രമാണോ ? രാഷ്ട്രീയാധികാരം ന്യൂനപക്ഷങ്ങൾക്ക് മാത്രമായി മാറുകയാണോ ? അടുക്കള വാതിൽക്കൽ എച്ചിലിലയ്ക്കും എല്ലിൻകഷ്ണങ്ങൾക്കും കാത്തിരിക്കുന്നവരായി മാറിയോ കേരളത്തിലെ പിന്നാക്ക ഹൈന്ദവർ ?
അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഉൗട്ടിയ യേശുദേവന്റെ പിൻമുറക്കാർ കേരളത്തിൽ അധികാരഅപ്പം വീതം വയ്ക്കുമ്പോൾ സ്വസമുദായത്തെ മാത്രമേ പന്തിയിൽ ഇരുത്തുന്നുള്ളൂ. അപ്പം ചുടാനും വിളമ്പാനും ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ഹിന്ദുക്കൾ വേണം താനും. പരമകാരുണികനായ മുത്തുനബിയുടെ പാരമ്പര്യം പേറുന്ന പാർട്ടിക്കാരാകട്ടെ കാരുണ്യം സ്വന്തം ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.
സംസ്ഥാനത്തെ സംവരണ സമുദായ മുന്നണിയിലെ പ്രബല പങ്കാളികളായ മുസ്ളീങ്ങളുടെയും ഈഴവ സമുദായത്തിന്റെയും നേതാക്കൾ ഭായി - ഭായി പറഞ്ഞ് മുന്നേറിയപ്പോൾ ഭരണത്തിൽ പങ്കാളികളായ മുസ്ളീം ലീഗ് ഈഴവരെ വഞ്ചിക്കുകയും ഒറ്റുകൊടുക്കുകയുമായിരുന്നു. അവർ സ്വമതക്കാർക്ക് വേണ്ടി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. ഒപ്പം നിന്ന് ചതിച്ചവരുടെ സുവിശേഷത്തിന് ഇനിയെന്തിന് ചെവികൊടുക്കണമെന്ന് ചിന്തിക്കാൻ ഈഴവ സമുദായം നിർബന്ധിതരായെന്നേയുള്ളൂ.
രാഷ്ട്രീയത്തിലൂടെ പൊതുസ്വത്ത് കവർന്നെടുക്കാനുള്ള സംഘടിത മതങ്ങളുടെ നീക്കങ്ങളെ ഇനിയെങ്കിലും ചെറുത്തില്ലെങ്കിൽ നഷ്ടം കനപ്പെട്ടതാകും. പച്ചയ്ക്ക് പറഞ്ഞാൽ മുസ്ളീം ലീഗും കേരളകോൺഗ്രസും കേരള രാഷ്ട്രീയത്തിലെ അർബുദമായി മാറിക്കഴിഞ്ഞിട്ട് ദശാബ്ദങ്ങളായി. ചികിത്സ ഇനിയെങ്കിലും തുടങ്ങിയില്ലെങ്കിൽ ഈ സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങും.
മതേതരത്വത്തിന്റെ പേരും പറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്ന ഇരുകൂട്ടരെയും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ള ദൗത്യം മതേതരവാദികൾ ഏറ്റെടുത്തേ പറ്റൂ. ഇവരുടെ സ്ഥാനാർത്ഥികൾക്ക് വോട്ടുനൽകില്ലെന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയ ഭേദമന്യേ മതേതരവാദികൾ സ്വീകരിച്ചില്ലെങ്കിൽ പിന്നീട് ദു:ഖിക്കേണ്ടി വരും. ഒരു മടക്കയാത്ര അസാദ്ധ്യവുമാകും.
എന്ത് മതേതരത്വമാണ് മുസ്ളീം പാർട്ടികൾക്കും ക്രിസ്ത്യൻ പാർട്ടികൾക്കും മുന്നോട്ടുവയ്ക്കാനുള്ളത്. പട്ടികജാതി സംവരണ സീറ്റിൽ യു.സി രാമനെപ്പോലുള്ള പാവങ്ങളെ സ്ഥാനാർത്ഥിയാക്കി യാഥാർത്ഥ്യത്തിന് മേൽ മൂടുപടമിടുന്ന മുസ്ളീംലീഗിന് ഒരു അന്യമത സ്നേഹവുമില്ല. സ്വന്തം ആളുകൾക്ക് വേണ്ടി പൊതുസ്വത്തു കവർന്നെടുക്കാനും രാഷ്ട്രീയാധികാരം നൽകാനുമുള്ള ആദർശമേ അവർക്കുള്ളൂ.
വടക്കൻ കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ കിഴക്കൻ മേഖല കേരളകോൺഗ്രസുകളിലൂടെ ക്രൈസ്തവാധിപത്യം കൈവരിച്ചുകഴിഞ്ഞു. വനം, റവന്യൂ ഭൂമി വെട്ടിപ്പിടിക്കലും അഴിമതിയുടെ ഒളിമ്പിക്സ് നടത്തലും സ്വജന പക്ഷപാതവും മാത്രമാണ് ഇരുകൂട്ടരുടെയും അജണ്ടയെന്നത് ഒരു രഹസ്യവുമല്ല. എന്നിട്ടും ഇരു മുന്നണികളും ഇവരെയും കൂട്ടി ഇനിയും കപടമതേതരത്വം കളിക്കുന്നതിന് കാരണക്കാർ നമ്മൾ തന്നെയാണ്. നാം നൽകിയ വോട്ടുവാങ്ങി ജയിച്ച് നമ്മളെ തോൽപ്പിക്കുകയാണ് ഇക്കൂട്ടർ.
മുസ്ളീം ലീഗിന്റെ അസംബ്ളി സ്ഥാനാർത്ഥി പട്ടികയിൽ യു.സി രാമനെയല്ലാതെ വേറെയാരെയെങ്കിലും കണ്ടിട്ടുണ്ടോ. പാർലമെന്റ് സ്ഥാനാർത്ഥികളിൽ രാമനുമില്ല, കൃഷ്ണനുമില്ല. കേരളകോൺഗ്രസുകളിലാണെങ്കിലോ ഹിന്ദുക്കളെ കാണണമെങ്കിൽ മഷിയിട്ടു നോക്കണം. ഒരു കുറുപ്പിനെയും പിള്ളയെയും വച്ചുള്ള മതേതരത്വം മാത്രമേ ഇവർക്കുമുള്ളൂ.
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളകോൺഗ്രസ് ഇന്ന് ഒമ്പത് എണ്ണമുണ്ട്. ഏത് മുന്നണി ഭരണത്തിൽ വന്നാലും ഇവർക്ക് മുഖ്യമായ ഭരണപങ്കാളിത്തം ഗാരന്റിയാണ്. ബുദ്ധിയും കൗശലവും കൊണ്ട് ഏറ്റവും നല്ല വകുപ്പുകൾ കൈക്കലാക്കി സ്വന്തം മതത്തെയും മതവിശ്വാസികളെയും സഹായിച്ച ചരിത്രമേ ഇവർക്കുള്ളൂ. എന്നിട്ട് അവരും പറയും മതേതരത്വം.
ഇടതുമുന്നണിയുടെ വോട്ടുബാങ്ക് പിന്നാക്ക ഹൈന്ദവരാണെന്നത് രഹസ്യമേയല്ല. അവർ അധികാരത്തിലെത്തുമ്പോഴാണ് കേരളഭരണത്തിൽ അല്പകാലമെങ്കിലും ന്യൂനപക്ഷ മേൽക്കോയ്മയുടെ രൂക്ഷത കുറയുന്നത്. അക്കാലവും അസ്തമിക്കുകയാണ്. അധികാര ദുർമോഹത്താൽ കേരളകോൺഗ്രസ് ജോസ് കെ.മാണി പക്ഷം ഇടതുമുന്നണിയിലേക്ക് വരുമ്പോൾ നഷ്ടം ഹൈന്ദവർക്ക് തന്നെ. സ്വന്തം അവസരങ്ങൾ ത്യജിച്ച് ഇത്തരം വർഗീയ കോമരങ്ങളെ വോട്ടുനൽകി വിജയിപ്പിക്കേണ്ട ഗതികേട് ഹിന്ദുക്കൾക്ക് അല്ലാതെ വേറെയാർക്കുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ 600ലേറെ പഞ്ചായത്തുകളിൽ ഒരു ഈഴവ സ്ഥാനാർത്ഥി പോലും കോൺഗ്രസിനില്ലെന്ന് പറഞ്ഞാൽ എന്ത് സാമൂഹ്യനീതിയാണ് ഇവർ നടപ്പാക്കുന്നതെന്ന് വ്യക്തമാകും.
ബി.ജെ.പി മുന്നണിയിൽ ബി.ഡി.ജെ.എസ് ഉള്ളതിനാൽ പിന്നാക്ക ഹിന്ദുക്കൾക്ക് ചെറിയ തോതിൽ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നേയുള്ളൂ. എൻ.ഡി.എ ഇവിടെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്തതിനാൽ ആ പ്രാതിനിധ്യം കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുന്നില്ലതാനും.
സംവരണത്താൽ മാത്രമാണ് ദരിദ്രനാരായണന്മാരായ പട്ടിക ജാതി, പട്ടികവർഗക്കാർക്ക് നിയമനിർമാണ സഭകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പടികൾ കയറാൻ സാധിക്കുന്നത്.
ഈ വിവേചനങ്ങൾക്കും അവഗണനയ്ക്കും ഒരേയൊരു പരിഹാരമേയുള്ളൂ. ന്യൂനപക്ഷങ്ങളെ കണ്ടു പഠിക്കുക. അവരുടെ മാർഗം പിന്തുടരുക. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും വഷളായ ഘട്ടത്തിലൂടെ കേരളം കടന്നുപോകുമ്പോൾ ആ രാഷ്ട്രീയം തന്നെ മതി നമുക്കും. പ്രത്യേകിച്ച് പിന്നാക്ക ഹിന്ദുക്കൾക്ക്. അധികാരം വിലപേശി വാങ്ങുന്ന രീതിയിൽ നിന്ന് ഇനി മാറിനിൽക്കുന്നത് പരമഅബദ്ധമാണ്.
അഴിമതിയിലും പീഡനാദി ക്രിമിനൽ കേസുകളിൽ പോലും സ്വന്തം ആൾക്കാരെ തള്ളിപ്പറയാൻ പറ്റാത്ത രീതിയിൽ മുസ്ളീം ലീഗും കേരള കോൺഗ്രസും മാറിക്കഴിഞ്ഞു. ലീഗ് എം.എൽ.എ കമറുദ്ദീന്റെ ശതകോടികളുടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസും, ബാർ കോഴക്കേസും സോളാർ കേസും അഭയ കേസുമൊക്കെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
സമകാലീന രാഷ്ട്രീയത്തിൽ മുസ്ളീം ലീഗും കേരളകോൺഗ്രസുമാണ് ശരി. അവർ മാത്രമാണ് ശരി. രാഷ്ട്രീയ ആദർശങ്ങൾക്കും തത്വശാസ്ത്രങ്ങൾക്കും പ്രസക്തിയില്ലാതായ കാലഘട്ടത്തിൽ അവരുടെ പാത പിന്തുടരുന്നതാണ് നിലനിൽപ്പിന് നല്ലത്.
രാഷ്ട്രീയ നേതൃത്വങ്ങളോട് വിലപേശി അധികാരം കൈക്കലാക്കാനും പൊതുസ്വത്തിൽ നിന്ന് അർഹമായതെങ്കിലും നേടിയെടുക്കാനും മാർഗമിതേയുള്ളൂ. ഈ മതാധിപത്യത്തിന്റെ കാലത്ത് നാമും അങ്ങിനെ നീങ്ങിയില്ലെങ്കിൽ കാലം ഈഴവർക്ക് മാപ്പുനൽകില്ല.